കണ്ണൂർ: 'ഹരിത കണ്ണൂർ യൂനിയൻ' ജില്ല സമ്മേളനത്തിൽ അധ്യക്ഷൻ അർജൻറീന. ഉദ്ഘാടനം പോർചുഗൽ. സ്പെയിൻ ആണ് മുഖ്യാതിഥി. ജർമനി സ്വാഗതം പറയുന്ന ചടങ്ങിൽ ബ്രസീൽ നന്ദി പ്രകാശിപ്പിക്കും. ലോകകപ്പ് ആരാധകരുടെ ആവേശവും പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടവും കോർത്തിണക്കുന്ന കണ്ണൂർ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ ഫേസ്ബുക് പോസ്റ്റ് വീണ്ടും വൈറലാവുകയാണ്. കലക്ടർ മുൻൈകയെടുത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിെൻറ ഭാഗമായി ജൂൺ അഞ്ചു മുതൽ ജില്ലയിൽ ഫ്ലക്സ് പൂർണമായും വിലക്കിയിട്ടുണ്ട്. എന്നാൽ, ലോകകപ്പ് ആവേശം മുൻനിർത്തിയും ആരാധകരുടെ അഭ്യർഥന മാനിച്ചും കർശന നടപടികളിലേക്ക് കടന്നിരുന്നില്ല. പ്രമുഖ ടീമുകളെല്ലാം ലോകകപ്പിൽനിന്ന് പുറത്തായ സാഹചര്യത്തിൽ ടീമിനായി ആരാധകർ കവലകൾതോറും സ്ഥാപിച്ച ഫ്ലക്സ്ബോർഡുകൾ നീക്കംചെയ്യാമെന്ന സന്ദേശമാണ് കായികപ്രേമി കൂടിയായ കലക്ടറുടെ ആക്ഷേപഹാസ്യ പോസ്റ്റിലൂടെ മുന്നോട്ടുവെക്കുന്നത്. ലോകകപ്പിൽനിന്ന് ജർമനി ആദ്യറൗണ്ടിൽതന്നെ പുറത്തായ ജൂൺ 28നാണ് ആദ്യ ട്രോളുമായി കലക്ടർ രംഗത്തെത്തിയത്. ഇനി ജർമൻ ആരാധകർ സ്വമേധയാ ഫ്ലക്സുകൾ എടുത്തുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കലക്ടറുടെ പോസ്റ്റ്. ജൂൺ 30നും ജൂലൈ ഒന്നിനുമായി അർജൻറീനയും പോർചുഗലും പുറത്തായതോടെ മെസിയും ക്രിസ്റ്റ്യാനോയും ഒാടുന്ന ചിത്രത്തിന് 'കണ്ണൂരിലെ ഫ്ലക്സ് മാറ്റാൻ ഒാടുന്ന രണ്ടുപേർ' എന്ന തലക്കെട്ട് നൽകിയായിരുന്നു അടുത്ത പോസ്റ്റ്. പ്ലാസ്റ്റിക് മുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ യാഥാർഥ്യമാവുന്നു എന്ന്, 'സ്പോർട്സ്മാൻ സ്പിരിറ്റ്' എന്ന ഹാഷ്ടാഗോടെ അതേ പോസ്റ്റിൽ കലക്ടർ പറഞ്ഞുെവച്ചു. ബ്രസീൽ കൂടി പുറത്തായതോടെ ഫ്ലക്സുകൾ അഴിച്ച് 'ചടങ്ങ്' അവസാനിപ്പിക്കാനാണ് കലക്ടറുടെ ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.