ഗെയിൽ പൈപ്പ്​ലൈൻ പദ്ധതി: ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്​

കണ്ണൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന നിർദിഷ്ട കൊച്ചി-മംഗലാപുരം പൈപ്പ്ലൈൻ പദ്ധതി പ്രവർത്തനങ്ങൾ ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്. തൃപ്പങ്ങോട്ടൂർ വില്ലേജിലെ കടവത്തൂർ മുതൽ പെരളം വില്ലേജിലെ പുത്തൂർ വരെ 83 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്നത്. ഇതിൽ 68 കിലോമീറ്ററിലും പൈപ്പ്വിന്യാസം പൂർത്തിയായി. 64 കിലോമീറ്ററിൽ പൈപ്പി​െൻറ വെൽഡിങ് പ്രവൃത്തികൾ കഴിഞ്ഞു. ഇതിൽ 52 കിലോമീറ്റർ നീളത്തിൽ പൈപ്പ് ഭൂമിക്കടിയിലേക്ക് താഴ്ത്തി. അന്തിമഘട്ട പരിശോധനയാണ് ഇവിടങ്ങളിൽ ഇനി ബാക്കിയുള്ളത്. തുടക്കത്തിലെ തടസ്സങ്ങൾക്കുശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ജില്ലയിൽ ആരംഭിച്ചത്. ഇതിനകം മുഴുവൻ പ്രദേശങ്ങളിലെയും സർവേ നടപടി പൂർത്തിയായി. 83 കിലോമീറ്റർ നീളത്തിൽ 20 മീറ്റർ ഭൂമിയുടെ ഉപയോഗാവകാശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിൽ പൈപ്പിടൽ ജോലികൾ പൂർത്തിയാകുന്നമുറക്ക് 10 മീറ്റർ ഉടമകൾക്ക് തിരികെ നൽകും. ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന 20 മീറ്റർ ഭൂമിയിലെയും വിളകൾക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തിൽ 38 കോടി വിതരണംചെയ്തു. പൈപ്പ് സ്ഥാപിക്കുന്ന 10 മീറ്റർ ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജില്ലയിൽ അഞ്ച് പുഴകളിലൂടെയും പൈപ്പ്ലൈൻ കടന്നുപോകുന്നുണ്ട്. കുപ്പം പുഴയിലൂടെ പൈപ്പിടുന്ന ജോലി പൂർത്തിയായി. പെരുമ്പ, അഞ്ചരക്കണ്ടി, എരഞ്ഞോളി, വളപട്ടണം എന്നീ പുഴകളിലെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. പുഴയുടെ അടിത്തട്ടിൽനിന്ന് 10 മീറ്റർ താഴ്ചയിലാണ് പൈപ്പുകൾ കടന്നുപോകുന്നത്. ഹൊറിസോണ്ടൽ ഡയറക്ഷനൽ ഡ്രില്ലിങ് (എച്ച്.ഡി.സി) മെഷീൻ ഉപയോഗിച്ചാണ് പുഴയിലൂടെ പൈപ്പ് പാകുന്നത്. വളപട്ടണം പുഴയിലെ പൈപ്പിടൽ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. ഉന്നതനിലവാരമുള്ള ക്ലാസ് നാല് പൈപ്പുകളാണ് ഗെയിൽ പദ്ധതിക്കായി ഉപയോഗിക്കുന്നത്. കുറുമാത്തൂരിൽ ഒന്നര ഏക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഐ.പി (ഇൻറർമീഡിയറ്റ് പിഗിങ്) സ്റ്റേഷ​െൻറ നിർമാണം 50 ശതമാനത്തിലേറെ പൂർത്തിയായി. ജില്ലയിൽ ഒന്ന് എന്ന തോതിലാണ് ഈ സുരക്ഷാ സ്റ്റേഷൻ സ്ഥാപിക്കുന്നത്. 50 സ​െൻറ് വീതം സ്ഥലത്ത് അഞ്ചിടങ്ങളിൽ സ്ഥാപിക്കുന്ന എസ്.വി (സെക്ഷൻ വാൽവ്) സ്റ്റേഷനുകളുടെ നിർമാണപ്രവർത്തനങ്ങളും പൂർത്തിയായിവരുന്നു. ഇവക്കാവശ്യമായ സ്ഥലമെടുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു. വ്യവസായിക-ഗാർഹിക ആവശ്യങ്ങൾക്കായി പ്രധാന ലൈനിൽനിന്ന് ഗ്യാസെടുത്ത് വിതരണംചെയ്യുന്ന കേന്ദ്രങ്ങളാണ് എസ്.വി സ്റ്റേഷനുകൾ. പ്രകൃതിവാതകം ഉപയോഗിച്ചുള്ള വാഹനഗതാഗതം ഇതിനകം കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു. ഇവിടെ സി.എൻ.ജി പമ്പ്സ്റ്റേഷനിൽനിന്ന് മുന്നൂറിലേറെ ഓട്ടോകളും കെ.എസ്.ആർ.ടി.സി ബസുകളും ഗ്യാസ് നിറക്കുന്നുണ്ട്. 47 രൂപ ചെലവ് വരുന്ന ഒരു കിലോ സി.എൻ.ജി ഉപയോഗിച്ച് ഓട്ടോക്ക് 40 കിലോമീറ്ററിനു മുകളിൽ യാത്രചെയ്യാനാവും. പദ്ധതി പൂർത്തിയാവുന്നതോടെ ഇത്തരം പമ്പുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് ഗെയിലി​െൻറ കണ്ണൂർ സെക്ഷൻ മാനേജർ (കൺസ്ട്രക്ഷൻ) പി.ഡി. അനിൽകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.