കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസ്ചെയ്ത 4051 നിയമനങ്ങൾ നടത്തും. രണ്ടുവർഷത്തിനുള്ളിൽ ഇറക്കുന്ന ആയിരം ബസുകൾക്ക് 2500 പേരെയും തുടർന്ന് ഇറക്കുന്ന ആയിരം ബസുകൾക്ക് ബാക്കിയുള്ളവരെയും നിയമിക്കാൻ കഴിയും. എന്നാൽ, ഇവരുടെ നിയമനം ഏറെ വൈകും. അതിനായി കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതിസന്ധിയിൽനിന്ന് കെ.എസ്.ആർ.ടി.സിയെ കരകയറ്റുന്നതിനാവശ്യമായ പരിഷ്കരണ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇൗ ഘട്ടത്തിൽ 4051 പേർക്ക് നിയമനം നൽകിയാൽ അതുണ്ടാക്കുന്ന ബാധ്യത, പരിഷ്കരണം പരാജയമാണെന്നതരത്തിൽ വിലയിരുത്തപ്പെടാൻ ഇടയാക്കും. ഇത് ഒഴിവാക്കാനാണ് അഡ്വൈസ്ചെയ്തത് നിയമിക്കാനാവില്ലെന്ന് തീരുമാനിച്ചത്. 10,000ത്തോളം ഒഴിവുകളുണ്ടെന്ന് കെ.എസ്.ആർ.ടി.സി തന്നെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതാണ് വിനയായത്. യഥാർഥ ഒഴിവുകൾ 3000ത്തിൽപരം മാത്രമായിരുന്നു. രാഷ്ട്രീയ താൽപര്യമാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട്ചെയ്യാൻ കാരണം. കെ.എസ്.ആർ.ടി.സിയിൽ മാറിമാറി വരുന്നവർ ഭരണത്തിനനുസരിച്ച് ഇത്തരം നിയമനങ്ങൾ നടത്തിയതാണ് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കിയത്. 2010 ഡിസംബർ 31നാണ് ഇപ്പോഴത്തെ റാങ്ക് പട്ടികക്കുള്ള പരീക്ഷ നടത്തിയത്. ഒന്നരവർഷമായി അഡ്വൈസ് മെമ്മോ നൽകിയിട്ട്. മെമ്മോ നൽകി 90 ദിവസത്തിനകം നിയമനം നൽകണമെന്നാണ് ചട്ടം. നിയമനം നൽകിയില്ലെങ്കിൽ ഉദ്യോഗാർഥികൾക്ക് കോടതിയിൽ പോകാം. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.