കേരളത്തി​െൻറ മെഡിസിന്‍ ഡിവൈസ് പാര്‍ക്ക്: 506 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്

കണ്ണൂർ: കൂത്തുപറമ്പിൽ കിന്‍ഫ്രയുടെ കീഴില്‍ ഇന്‍ഡസ്ട്രിയല്‍ സോണ്‍ സ്‌കീം പ്രകാരം വ്യാവസായിക പാര്‍ക്ക് സ്ഥാപിക്കുന്നതിന് 506 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മൊകേരി വില്ലേജിലെ 160 ഏക്കര്‍, ചെറുവാഞ്ചേരി വില്ലേജിലെ 170 ഏക്കര്‍, പുത്തൂര്‍ വില്ലേജിലെ 176 ഏക്കര്‍ എന്നിവയാണ് ഏറ്റെടുക്കുന്നത്. കണ്ണൂര്‍ ജില്ല കലക്ടര്‍ക്കാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല. പ്രധാനമായും മെഡിസിന്‍ ഡിവൈസ് പാര്‍ക്കാണിവിടെ സ്ഥാപിക്കുക. ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ എല്ലാ സാധന സാമഗ്രികളും നിര്‍മിക്കുന്നതാണ് മെഡിസിന്‍ ഡിവൈസ് പാര്‍ക്ക്. നിലവില്‍ തെലങ്കാനയില്‍ മാത്രമാണ് ഇതുള്ളത്. കേരളത്തിന് പുറത്തും വിദേശത്തു നിന്നുമാണ് ശസ്ത്രക്രിയക്കാവശ്യമായ സാധന സാമഗ്രികള്‍ വാങ്ങുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കുറഞ്ഞ നിരക്കില്‍ സാമഗ്രികൾ ലഭ്യമാവും. ഇതോടൊപ്പം ആയുര്‍വേദത്തിനായും സ്ഥലം അനുവദിക്കും. കൂത്തുപറമ്പ് എം.എല്‍.എ കൂടിയായ ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് വ്യാവസായിക പാര്‍ക്കിന് അനുമതിയായത്. വ്യവസായ വകുപ്പ് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു. ഇതോടെ നിരവധി തൊഴിലവസരങ്ങളും അനുബന്ധ ജോലികളും കിട്ടും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ കര, ജല, വ്യോമയാന ഗതാഗത സൗകര്യങ്ങളുടെ ലഭ്യതയും സാമീപ്യവുമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയിരുന്നു. കൂത്തുപറമ്പിലെ ഭൂമി വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് ജില്ല പരിശോധന സമിതിയാണ് കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.