തൃശൂർ: വിവാദങ്ങൾക്ക് വഴിമരുന്നിട്ട സന്തോഷ് ഏച്ചിക്കാനത്തിെൻറ 'ബിരിയാണി'കഥക്ക് ദൃശ്യഭാഷ്യം. ഹൈസ്കൂൾ വിഭാഗം നാടകത്തിൽ വടകര മേമുണ്ട എച്ച്.എസ്.എസ് വിദ്യാർഥികളാണ് 'ബിരിയാണി'ക്ക് 'അന്നപ്പെരുമ' എന്ന് ദൃശ്യഭാഷ്യമൊരുക്കിയത്. ഹാസ്യഭംഗിനിറച്ച് ലളിതമായി അവതരിപ്പിച്ച നാടകത്തിനൊടുവിൽ നാടൊട്ടുക്കു നടക്കുന്ന വിവാദങ്ങൾ വെറുതെയാണെന്ന് സമർഥിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഹാജിയാരുടെ മകളുടെ വിവാഹ സൽക്കാരത്തിൽ അധികംവന്ന രണ്ട് ചെമ്പ് ബിരിയാണി കുഴിച്ചുമൂടേണ്ട അവസ്ഥയിൽ വിശക്കുന്നവെൻറ വില സമൂഹത്തെ പഠിപ്പിക്കുന്നതാണ് കഥ. മതപരമായ ചിഹ്നത്തിനപ്പുറം സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരുടെ ആഡംബര ചെലവുകളാണ് നാടകത്തിൽ വരച്ചുകാട്ടിയത്. സാഹചര്യത്തിനനുസരിച്ചുള്ള നർമങ്ങൾ നിറച്ച് അരങ്ങ് കൊഴുപ്പിച്ചു. ബിഹാറിൽനിന്ന് വീട്ടുജോലിക്കെത്തുന്ന യുവാവ് അധികംവന്ന ബിരിയാണി കുഴിച്ചുമൂടുന്നതിന് അനുഭവിക്കുന്ന ആത്മസംഘർഷമാണ് കഥ. ആഹാരം കിട്ടാതെ വിശന്നുമരിച്ച സഹോദരിയെ ഓർക്കുമ്പോൾ ബിരിയാണി കുഴിച്ചുമൂടാൻ തോന്നിയില്ലെന്ന യുവാവിെൻറ അവസ്ഥ അഭിനയിച്ച് പ്രതിഫലിപ്പിച്ചത് സദസ്സിനെ ഇൗറനണിയിപ്പിച്ചു. 'ബിരിയാണി'യിൽ മകളുടെ മരണം സഹോദരിയായതടക്കം ചെറിയ മാറ്റങ്ങളോടെയാണ് നാടകം അരങ്ങിലെത്തിയത്. പി.എസ്. ദേവനന്ദ, വി.കെ. അനജ്, എൻ.എൻ. ആര്യ, റിയ പർവീൺ, വി.എം. സിയാന, പി. സാരംഗ്, അഭയ്, ആശിൻ, സൂരജ്, ദേവാനന്ദ് എന്നിവർ വേഷമിട്ടു. സ്കൂൾ കലോത്സവങ്ങളിൽ മികച്ച നാടകങ്ങൾ സംഭാവന ചെയ്യുന്ന റഫീഖ് മംഗലശ്ശേരിയാണ് സംവിധായകൻ. മന്ത്രി എ.സി. മൊയ്തീനെ സാക്ഷിയാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്. കാലികപ്രസക്തമായ നാടകമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒരുപിടി വറ്റിന് ഒരു ജീവെൻറ വിലയുണ്ടെന്ന് നാടകം ഒാർമപ്പെടുത്തുന്നു. രാജ്യത്ത് പലയിടത്തും ഒരു നേരത്തെ ആഹാരംപോലും കിട്ടാതെ മരണത്തിന് കീഴടങ്ങുന്നവരുണ്ട്. കാലികമായ ഇതിവൃത്തം തീക്ഷ്ണതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.