ശീലാവതിയുടെ നാലര പതിറ്റാണ്ടുനീണ്ട കിടപ്പിന് വിരാമം

കാസർകോട്: എൻഡോസൾഫാൻ ദുരന്തത്തി​െൻറ ജീവിക്കുന്ന പ്രതീകമായിരുന്ന ശീലാവതിയുടെ നാലര പതിറ്റാണ്ടുനീണ്ട കിടപ്പിന് വിരാമമായി. എൻമകജെ പഞ്ചായത്തിലെ ശാന്തിയടിയിൽ, കാഴ്ചശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യസ്നേഹികൾക്ക് നൊമ്പരക്കാഴ്ചയായി ജീവിച്ച ശീലാവതി കഴിഞ്ഞ ദിവസമാണ് വേദനകളില്ലാത്ത ലോകത്തേക്ക് മറഞ്ഞത്. 45 വയസ്സായിട്ടും പിഞ്ചുകുഞ്ഞി​െൻറ ശരീരവളർച്ച മാത്രമായി പരസഹായമില്ലാതെ ചലിക്കാൻ പോലുമാകാതെ കിടന്നിരുന്ന ശീലാവതിക്ക് വൃദ്ധയായ അമ്മ ദേവകി മാത്രമായിരുന്നു കൂട്ടും കൈത്താങ്ങും. അച്ഛൻ ശങ്കർറൈ വർഷങ്ങൾക്കു മുേമ്പ മരിച്ചു. ഏകസഹോദരൻ അഞ്ചുവർഷം മുമ്പ് അപകടത്തിലാണ് മരിച്ചത്. പട്ടിണിയകറ്റാൻ ദേവകി കൂലിപ്പണിക്ക് പോകുേമ്പാൾ ശീലാവതി വീട്ടിനകത്ത് തനിച്ചാകും. വഴിപോലുമില്ലാത്ത കുന്നിൻചെരിവിലെ ചെറിയ വീട്ടിലെ തറയിൽ കിടന്നിരുന്ന ഇവരെ നായ്ക്കൾ വന്ന് കടിച്ചുകീറാതിരിക്കാനാണ് എപ്പോഴും സമീപത്ത് കത്തിയും വടിയും കരുതിയിരുന്നത്. എൻമകജെ, ബെള്ളൂർ പഞ്ചായത്തുകളിലെ എൻഡോസൾഫാൻ ദുരിതമേഖല സന്ദർശിക്കാനെത്തുന്നവർ ആദ്യം അന്വേഷിച്ചിരുന്നത് ശീലാവതിയെയാണ്. സ്വതന്ത്ര പത്രപ്രവർത്തകൻ ശ്രീപഡ്രെ പകർത്തിയ ചിത്രങ്ങളിലൂടെയാണ് ശീലാവതിയുടെ ദൈന്യജീവിതം പുറംലോകമറിഞ്ഞത്. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് എൻമകജെ എന്ന നോവൽ എഴുതിയ ഡോ. അംബികാസുതൻ മാങ്ങാട് ശീലാവതിയുടെ ദുരിതാവസ്ഥ നേരിൽ കാണാനിടയായപ്പോഴാണ് അവർക്കൊരു കട്ടിൽ വാങ്ങിക്കൊടുത്തത്. ഒറ്റമുറി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ശീലാവതിക്കും അമ്മക്കും ഏത്തടുക്കയിലെ സുബ്രഹ്മണ്യ ഭട്ട് സൗജന്യമായി നൽകിയ ഭൂമിയിൽ നാട്ടുകാരുടെയും ഡി.വൈ.എഫ്.െഎ ഉൾപ്പെടെ സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് പഡ്രെ വില്ലേജിലെ ശാന്തിയടിയിൽ ചെറിയൊരു വീട് പണിതത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനാവാത്ത ശാരീരികാവസ്ഥയിലായതിനാൽ ആരോഗ്യ വകുപ്പ് ജീവനക്കാർ വീട്ടിലെത്തിയാണ് പരിചരണം നൽകിയിരുന്നത്. സാമൂഹിക പ്രവർത്തകനായ വാണി നഗറിലെ ഡോ. വൈ.എസ്. മോഹൻകുമാറും ഇവർക്ക് വീട്ടിലെത്തി ചികിത്സ നൽകിയിരുന്നു. നാലുദിവസം മുമ്പ് ഇവരെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നുവെന്ന് ഡോ. മോഹൻ കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. പടം: seelavathi_ file photo ശീലാവതി _ഫയൽ ചിത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.