മന്ത്രിക്കുമുന്നിൽ പ്രതിഷേധവുമായി അമ്മമാർ

കാസർകോട്: മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന എൻഡോസൾഫാൻ സെൽ യോഗത്തിനിടെ ഹാളിലേക്ക് ദുരിതബാധിതരുടെ അമ്മമാർ തള്ളിക്കയറാൻ ശ്രമിച്ചത് പ്രക്ഷുബ്ധാവസ്ഥക്ക് ഇടയാക്കി. വ്യാഴാഴ്ച കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിനിടെയാണ് അമ്മമാർ പ്രകോപിതരായത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുതിയ പട്ടികയിൽനിന്ന് ആളുകളെ വെട്ടിനീക്കിയതിലും സുപ്രീംകോടതി നിർദേശിച്ച ധനസഹായം നൽകാത്തതിലും പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തിയപ്പോൾ ഫെബ്രുവരി ഏഴിനകം കാസർകോട്ട് ചർച്ച നടത്തി അനുകൂല തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇത് നടക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിക്ക് നിവേദനം നൽകാനാണ് പട്ടികയിൽ ഉൾപ്പെടാത്ത ദുരിതബാധിതരുടെ കുടുംബങ്ങൾ കുട്ടികളുമായി എത്തിയത്. യോഗം 11ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ട്രെയിൻ വൈകിയതിനാൽ 12 ഒാടെയാണ് മന്ത്രിയെത്തിയത്. അദ്ദേഹം ഹാളിൽ കയറും മുമ്പ് നിവേദനം നൽകാനായിരുന്നു അമ്മമാരുടെ നീക്കം. എന്നാൽ, നിവേദനം സ്വീകരിക്കാതെ മന്ത്രി യോഗഹാളിലേക്ക് പോയപ്പോൾ അമ്മമാരും കൂട്ടത്തോടെ ഹാളിലേക്ക് കയറുകയായിരുന്നു. എന്തുകൊണ്ട് തങ്ങൾ പട്ടികക്ക് പുറത്തായി എന്നകാര്യം വ്യക്തമാക്കണമെന്ന് അവർ മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിനുശേഷം പറയാമെന്ന് അദ്ദേഹം മറുപടിനൽകി. സെൽ അംഗങ്ങൾക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനാനുമതിയുള്ളെതന്നുപറഞ്ഞ് അമ്മമാരെ ഹാളിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് അവർ കവാടത്തിനുപുറത്ത് കാത്തുനിൽക്കുകയായിരുന്നു. ഉച്ച 1.20 ആയിട്ടും യോഗം നീണ്ടുപോയപ്പോഴാണ് പുറത്ത് കൂടിനിന്നവർ യോഗഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. രാവിലെ ഏഴിന് വീട്ടിൽനിന്ന് പുറപ്പെട്ടതാണെന്നും കുട്ടികൾ തളർന്ന് വീഴുകയാണെന്നും അവർ പറഞ്ഞു. അൽപസമയത്തിനകം യോഗം അവസാനിപ്പിച്ച് എല്ലാവരെയും ഹാളിലേക്ക് കടത്തിവിടാൻ മന്ത്രി നിർദേശിച്ചു. ബലപ്രയോഗം നടത്തരുതെന്ന് പൊലീസിനും പ്രത്യേകം നിർദേശം നൽകിയിരുന്നു. മന്ത്രി ഒാരോരുത്തരിൽനിന്നും നിവേദനം സ്വീകരിക്കാനും പരാതികൾ കേൾക്കാനും തയാറായി. മുനീസ അമ്പലത്തറ, പി. മുരളീധരൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അബ്ദുൽഖാദർ ചട്ടഞ്ചാൽ എന്നിവരും അമ്മമാർക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.