മടിക്കേരി: മൈസൂരു-ബണ്ട്വാൾ ദേശീയപാത 275ലെ സുണ്ടികുപ്പക്കടുത്ത് വ്യാഴാഴ്ച രാവിലെ 11ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു. 20ഒാളം യാത്രക്കാർക്ക് പരിക്കേറ്റു. മടിക്കേരിയിൽനിന്ന് കുശാൽനഗർ വഴി ഹാസനിലേക്ക് പോവുകയായിരുന്ന കെ.എ 19 എഫ് 3240 ബസും മൈസൂരുവിൽനിന്ന് ഹുൻസൂർ വഴി മടിക്കേരിയിലേക്ക് വരുകയായിരുന്ന ഹുൻസൂർ ഡിപ്പോയിലെ കെ.എ 19 എഫ് 4989 ബസുമാണ് കൂട്ടിയിടിച്ചത്. മടിക്കേരി ഡിപ്പോയിലെ ബസ്ഡ്രൈവർ പാലാക്ഷയും (42), ഹുൻസൂർ ഡിപ്പോയിലെ ബസ്ഡ്രൈവർ മൊയ്തീൻ ഷരീഫുമാണ് (50) മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവർ മരിച്ചത്. അതിവേഗത്തിൽ വന്ന ബസുകൾ ശാന്തിഗിരി വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 20ഒാളം പേരെ ആദ്യം മടിക്കേരിയിലെ ജില്ല ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ മൈസൂരുവിലേക്കും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോയി. ബസ് കണ്ടക്ടർ മല്ലപ്പ (38), യാത്രക്കാരായ നന്ദിനാഥ്പുരയിലെ അണ്ണയ്യ (43), മഹാദേവമ്മ (48), മൈസൂരു സ്വദേശികളായ രമേശ് (28), നാഗേശ് (36), കൂടിഗെ സ്വദേശികളായ ശിവാനന്ദ (55), നാരായണ സ്വാമി (50), കുശാൽനഗറിലെ സുഹറ (28), രവി (26), കവിത (25), ഹരീശ് (24), ധീമന്ത് (22), കാവേരി (30), പൊന്നമ്മ (41) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ വാഹനഗതാഗതം സ്തംഭിച്ചു. സുണ്ടികുപ്പ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ മടിക്കേരി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.