വളപട്ടണം-ചാല ബൈപാസ്: പുതിയ സാധ്യതാപഠനത്തിന് തീരുമാനം പുതിയതെരു: വളപട്ടണം--ചാല ബൈപാസ് നിർമാണത്തിന് പുതിയ സാധ്യതാപഠനം നടത്താമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി. കുടിയിറക്ക് ഭീഷണി നേരിടുന്നവരും ജനപ്രതിനിധികളും കലക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതുപ്രകാരം പുതിയ സർവേ നടത്തി സ്ഥലം കണ്ടെത്തുന്നതിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ സർവേ വിഭാഗത്തിന് കലക്ടർ നിർദേശം നൽകി. ബുധനാഴ്ച പുതിയതെരു-മയ്യിൽ റോഡിൽ കോട്ടക്കുന്നിൽ നടത്തിയ സർവേ നാട്ടുകാർ തടസ്സപ്പെടുത്തിയിരുന്നു. വീട് നഷ്ടപ്പെടുന്ന എൺപതോളം പ്രദേശവാസികൾ കെ.എം. ഷാജി എം.എൽ.എവഴി ജില്ല കലക്ടറെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് കലക്ടർ പ്രദേശവാസികളെ ചർച്ചക്ക് വിളിച്ചത്. കെ.എം. ഷാജി എം.എൽ.എയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും കലക്ടറുമായി ചർച്ച നടത്തി. ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലം കണ്ടെത്തി ബൈപാസ് നിർമാണവുമായി മുന്നോട്ടുപോകണമെന്ന ആവശ്യം കലക്ടർ അംഗീകരിക്കുകയും പുതിയ സാധ്യതാപഠനം നടത്താമെന്ന് അറിയിക്കുകയുമായിരുന്നു. പുതിയ സർവേ നടത്താൻ ദേശീയപാത അധികൃതരോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.