കാസർകോട്: മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുമായി ആഫ്രിക്കൻ തീരത്തുനിന്ന് കാണാതായ എണ്ണക്കപ്പൽ കടൽക്കൊള്ള സംഘം റാഞ്ചിയതാണെന്ന് ഷിപ്പിങ് കമ്പനി സ്ഥിരീകരിച്ചതായി സൂചന. അന്താരാഷ്ട്രവിപണിയിൽ വൻവില വരുന്ന ഡീസൽ തട്ടിയെടുക്കാനാണ് കപ്പൽ റാഞ്ചിയതെന്ന് കമ്പനി അധികൃതർ സംശയിക്കുന്നു. കാസർകോട് ഉദുമ ഉദയമംഗലം പെരിലവളപ്പിൽ അശോകെൻറ മകൻ ശ്രീഉണ്ണിയും കോഴിക്കോട് സ്വദേശിയും ഉൾപ്പെടെ 22 ജീവനക്കാരുമായാണ് ആംഗ്ലോ ഇൗസ്റ്റേൺ ഷിപ്പിങ് കമ്പനിയുടെ മറൈൻ എക്സ്പ്രസ് എന്ന കപ്പൽ കാണാതായത്. ശ്രീഉണ്ണിയുടെ ബന്ധുക്കൾ മർച്ചൻറ് നേവി ജീവനക്കാർ മുഖേന ഇന്നലെ ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് റാഞ്ചിയതാണെന്ന സൂചന പങ്കുവെച്ചത്. കപ്പൽ റാഞ്ചിയതായി സംശയിക്കുന്നവർ ഇതേവരെ കമ്പനിയുമായി ബന്ധപ്പെടാത്തതാണ്, കപ്പലിൽ കയറ്റിയയച്ച സംസ്കരിച്ച ഡീസൽ തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്ന സംശയത്തിനിടയാക്കിയത്. 60 കോടിയോളം രൂപ വിലമതിക്കുന്ന ഇന്ധനമാണ് കപ്പലിലുള്ളത്. ചരക്കു കപ്പലുകൾ തട്ടിയെടുക്കുന്നവരുടെ ഇടനിലക്കാർ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഒരുമാസം മുമ്പും ആഫ്രിക്കൻ തീരത്തിന് സമീപത്തുനിന്ന് ചരക്കുകപ്പൽ റാഞ്ചിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് പിന്നീട് തിരിച്ചുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ പ്രതീക്ഷയിലാണ് കപ്പൽകമ്പനി അധികൃതർ. ഫെബ്രുവരി ഒന്നിന് ശേഷമാണ് കപ്പലുമായുള്ള വിനിമയബന്ധം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.