കണ്ണൂരിൽ പത്തിടത്ത്​ ഉരുൾപൊട്ടി

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ബുധനാഴ്ച രാവിലെമുതൽ ശക്തിപ്പെട്ട മഴ വ്യാഴാഴ്ചയും തുടരുകയാണ്. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇരിട്ടി താലൂക്കിൽ പത്തിടത്ത് വ്യാഴാഴ്ച ഉരുൾപൊട്ടി. അമ്പായത്തോട്, പാൽചുരം, കൊട്ടിയൂർ, കേളകം മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. അടിയന്തരസാഹചര്യങ്ങൾ നേരിടാൻ കേന്ദ്രസേന എത്തി. മേഖലയിൽ അതിജാഗ്രത നിർദേശം നൽകി. രാമന്തളി കൊവ്വപ്പുറത്ത് പുഴയിൽ തോണിമറിഞ്ഞ് പണ്ടാരവളപ്പിൽ ഭാസ്കരൻ (52) മരിച്ചു. തോണിയിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടു. കാലവർഷക്കെടുതിയിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനിടയിൽ വൈദ്യുതിത്തൂണിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണ് ലൈന്‍മാന്‍ മരിച്ചു. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ നീലേശ്വരം കടിഞ്ഞിമൂല സ്വദേശി ഷണ്‍മുഖനാണ് (55) മരിച്ചത്. കനത്തമഴയിൽ ബാവലിപ്പുഴ കവിഞ്ഞ് താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറിയനിലയിലാണ്. റോഡിലെ വെള്ളക്കെട്ടും കനത്തമഴയുംമൂലം കൊട്ടിയൂർ-തലശ്ശേരി-ഇരിട്ടി പാതയിലെ ബസുകൾ ഓട്ടം നിർത്തിവെച്ചു. െനടുംപൊയിൽ-മാനന്തവാടി അന്തർസംസ്ഥാനപാതയിൽ സെമിനാരി വില്ല ബസ് സ്റ്റോപ്പിൽനിന്ന് വെള്ളറ കോളനിയിലേക്കുള്ള പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു. മലവെള്ളപ്പാച്ചിലിൽ അടക്കാത്തോട് ജലസേചനബണ്ടും തകർന്നു. കൂത്തുപറമ്പ് മേഖലയിലെ നിരവധി വീടുകൾക്ക് നാശമുണ്ടായി. പ്രളയജലം കയറിയും മഴയിൽ തകർന്നുമാണ് വീടുകൾക്ക് നാശം സംഭവിച്ചിട്ടുള്ളത്. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടി കാര്യങ്കോട് പുഴ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 11 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയില്‍നിന്ന് 13 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടെ 37 പേരെയാണ് രാജഗിരി സ​െൻറ് അഗസ്റ്റിന്‍സ് പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. അഞ്ചരക്കണ്ടി വേങ്ങാട്, ചാലുപറമ്പ്, ഉൗർപള്ളി, പടുവിലായി, കീഴല്ലൂർ, കല്ലായി എന്നിവിടങ്ങളിലെ വീടുകളും കടകളും മദ്റസകളും വെള്ളത്തിനടിയിലായി. ചന്ദ്രഗിരി പുഴ കവിഞ്ഞൊഴുകിയതിനാൽ കാസർകോട് ജില്ലയിൽ 43 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാസർകോട് താലൂക്കിലെ കൊറക്കോട് പത്തും ഹോസ്ദുർഗ് താലൂക്കിലെ തൃക്കണ്ണാട് 43ഉം കുടുംബങ്ങളെയാണ് മാറ്റിയത്. കണ്ണൂർ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1100 പേർ എത്തി. ഇരിട്ടി താലൂക്കിൽ എട്ടും തളിപ്പറമ്പിൽ രണ്ടും തലശ്ശേരിയിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. മഴ ശമിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ചില ക്യാമ്പുകൾ അടച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.