കേളകം: ഉരുൾപൊട്ടൽ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് മലയോരം. കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ കൊട്ടിയൂർ നെല്ലിയോടിമലയിൽ വീണ്ടും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ ഭൂമിയിൽ വിറയലുണ്ടായി. ഈന്തുങ്കൽ ലൂസി, ഷൈനി, മുള്ളൂർ ജോസഫ് എന്നിവരുടെ വീടിനും കൃഷിയിടത്തിലും വിള്ളലുമുണ്ടായി. ഈന്തുങ്കൽ ബെന്നിയുടെ വീടിനു സമീപത്ത് മലയിടിഞ്ഞ് വ്യാപക കൃഷിനാശമുണ്ടായി. കഴിഞ്ഞദിവസം ഭൂമിയിലും വീടുകളിലും വിള്ളലുണ്ടായ ശാന്തിഗിരിയിൽ വിള്ളലുകൾ വർധിച്ചു. പ്രദേശത്തെ ആറു വീടുകൾക്കാണ് വിള്ളലുണ്ടായത്. കൃഷിയിടങ്ങളിലും വിള്ളൽ വ്യാപകമായതിനാൽ ഭീതിയിലാണ് നാട്ടുകാർ. കനത്തമഴയിൽ പുഴകളിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം കൂടുതൽ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാവുകയാണ്. മലയോരഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ടു. കൊട്ടിയൂർ-കേളകം പാതയിൽ വെള്ളം കയറി നിരവധി വാഹനങ്ങൾ കുടുങ്ങി. വീടുകൾ വെള്ളത്തിലായവർ മറ്റ് സുരക്ഷിതതാവളങ്ങളിലേക്ക് മാറുകയാണ്. മഴമൂലം ഉപജീവനമാർഗമില്ലാതായ ആയിരങ്ങൾ അതിജീവനം എങ്ങനെയെന്നതോർത്ത് ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.