കണ്ണൂർ: പാർട്ടി കമ്മിറ്റി തീരുമാനത്തിന് കാത്തിരിക്കുന്ന വൈസ് ചാൻസലർ കണ്ണൂർ സർവകലാശാലക്ക് അപമാനമാണെന്ന് മുൻ മന്ത്രി കെ. സുധാകരൻ. കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഒാർഗനൈസേഷെൻറ (കെ.യു.എസ്.ഒ) ആഭിമുഖ്യത്തിൽ ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാരസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അറിവും കഴിവുമുണ്ടായിട്ട് കാര്യമില്ല; പ്രയോഗിക്കാൻ സാധിക്കണം. ആജ്ഞാശക്തിയില്ലാത്ത വൈസ് ചാൻസലർക്ക് സർവകലാശാല ഭരിക്കാൻ സാധിക്കില്ല. രാഷ്ട്രീയക്കാരെൻറ ചട്ടുകമാകേണ്ട ആളാണോ വിദ്യാസമ്പന്നനായ വി.സിയെന്നും അദ്ദേഹം ചോദിച്ചു. സർവകലാശാലയുടെ മുഖമെന്നു പറയുന്നത് സിൻഡിക്കേറ്റാണ്. അക്കാദമികയോഗ്യതയുള്ള ആരാണ് സിൻഡിക്കേറ്റിലുള്ളതെന്ന് പരിശോധിച്ചാൽ മനസ്സിലാവും. ഗണിതശാസ്ത്രവിഭാഗം മേധാവിക്കെതിരെ ഉയർന്ന പീഡനപരാതിയിൽ ശിക്ഷ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. അന്യായമായി ഇൻക്രിമെൻറ് തടഞ്ഞ നടപടി പിൻവലിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച ഗണിതശാസ്ത്രവകുപ്പ് മേധാവിക്കെതിരെ നിയമാനുസൃത നടപടിയെടുക്കുക, പരീക്ഷ കൺേട്രാളറെ നോക്കുകുത്തിയാക്കിയുള്ള പിൻസീറ്റ് ഭരണം അവസാനിപ്പിക്കുക, നടപടിക്രമം പാലിക്കാതെ നടത്തിയ പി.വി.സി നിയമനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെ.യു.എസ്.ഒ ജില്ല പ്രസിഡൻറ് ജയൻ ചാലിൽ അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി, പ്രേമൻ എന്നിവർ സംസാരിച്ചു. നിരാഹാരമിരിക്കുന്ന യൂനിവേഴ്സിറ്റി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. ഹരിദാസൻ, ജില്ല സെക്രട്ടറി ഷാജി കരിപ്പത്ത് എന്നിവർക്ക് കെ. സുധാകരൻ ഹാരമണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.