കണ്ണൂർ: തങ്ങളുടെ സ്വന്തം ആശുപത്രിയാണെന്ന ചിന്തയോടെ ജനങ്ങൾ കൈകോർത്തപ്പോൾ ഇരിക്കൂർ ഗവ. ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി യാഥാർഥ്യമായി. വിവിധ പ്രവാസി സംഘടനകളും സി.എച്ച്.സിയിലെ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേർന്നാണ് ലാബ് നവീകരണത്തിനുള്ള തുക സ്വരൂപിച്ചത്. ബയോകെമിസ്ട്രി അനലൈസർ, ഇലക്ട്രാലൈറ്റ് അനലൈസർ, യൂറിൻ അനലൈസർ, ഇ.എസ്.ആർ അനലൈസർ, ഹെമാറ്റോലോഗ്, സെമി ഓട്ടോ അനലൈസർ, ബ്ലഡ് മിക്സർ തുടങ്ങിയ ഉപകരണങ്ങളാണ് നവീകരിച്ച ലാബിൽ സജ്ജമാക്കിയിരിക്കുന്നത്. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.വി.എൻ. യാസിറ ലാബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. സഫീറ അധ്യക്ഷത വഹിച്ചു. ലാബ് നവീകരിക്കുന്നതിനായി 10,25,000 രൂപയാണ് ജനകീയ കൂട്ടായ്മ പിരിച്ചത്. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ടി. നസീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സി.വി.എൻ. യാസിറ, മെഡിക്കൽ ഓഫിസർ ഡോ. മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ 'സഹായി സി.എച്ച്.സി ഇരിക്കൂർ' എന്ന പേരിൽ ഫണ്ട് ശേഖരണത്തിനായി വാട്സ് ആപ് കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. ഇതിലൂടെയാണ് ലാബ് നവീകരണത്തിനാവശ്യമായ തുക സമാഹരിച്ചത്. സ്വകാര്യ ലാബുകളിലെ ചെലവിെൻറ 40 ശതമാനം മാത്രം തുകയിൽ ഇവിടെ ലാബ് പരിശോധനകൾ നടത്താൻ കഴിയും. ദിവസവും ഏകദേശം 900 രോഗികളാണ് ആശുപത്രിയിലെത്തുന്നത്. പുതിയ സൗകര്യങ്ങൾ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. രണ്ട് ഓപറേഷൻ തിയറ്ററുകളും 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഉൾപ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടികൾ നടന്നുവരുകയാണെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രാജീവൻ, വി. അബ്ദുൽ ഖാദർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ഫാത്തിമ, പഞ്ചായത്ത് അംഗം പി. നസീമ, മെഡിക്കൽ ഓഫിസർ ഡോ. മനു മാത്യു, വിവിധ സാമൂഹിക കൂട്ടായ്മ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.