പ്രളയക്കെടുതിയിൽ മലയോര ഗ്രാമങ്ങൾ

ശ്രീകണ്ഠപുരം: തിമിർത്തുപെയ്ത മഴയിൽ മലയോരഗ്രാമങ്ങളിൽ ഉരുൾപൊട്ടി നാശനഷ്ടവും വെള്ളപ്പൊക്കവും. ഏരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മലയോരത്തെ പുഴകെളല്ലാം കരകവിഞ്ഞൊഴുകി. പല സ്ഥലങ്ങളിലും ഗതാഗതം നിലച്ചു. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു. വൈദ്യുതിബന്ധവും നിലച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് ഉരുൾപൊട്ടിയത്. ഏരുവേശ്ശി പഞ്ചായത്തിലെ അഞ്ച് സ്ഥലങ്ങളിൽ ഉരുൾപൊട്ടി. പുറഞ്ഞൊട്ടി, വഞ്ചിയം, വലിയ അരീക്കമല, ചോലപ്പനം, കുടിയാന്മല - വഞ്ചിയം റോഡ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. പയ്യാവൂർ പഞ്ചായത്തിൽ കാഞ്ഞിരക്കൊല്ലി ടൗൺ, ഏലപ്പാറ, മുക്കുഴി, ഒന്നാംപാലം, വഞ്ചിയം, ആടാംപാറ, മുക്കണ്ണൻമല, മതിലേരിത്തട്ട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ഈ മേഖലയിലെ നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. വീട് നഷ്ടപ്പെട്ടവരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. ഉരുൾപൊട്ടലിനെ തുടർന്ന് റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരം - ഇരിക്കൂർ സംസ്ഥാനപാതയിൽ തുമ്പേനി, ശ്രീകണ്ഠപുരം - പയ്യാവൂർ റോഡിൽ പൊടിക്കളം, ശ്രീകണ്ഠപുരം - മലപ്പട്ടം റോഡിൽ കോട്ടൂർ, അഡൂർ, പൊടിക്കളം - മടമ്പം-പാറക്കടവ് റോഡ്, ഏരുവേശ്ശി ചെമ്പേരി റോഡിൽ വളയംകുണ്ട്, പയ്യാവൂർ - ഉളിക്കൽ മലയോര ഹൈവേയിൽ തോണിക്കടവ്, ചെങ്ങളായി - പെരിങ്കോന്ന് റോഡിൽ മുങ്ങം, കണിയാർവയൽ- ഉളിക്കൽ റോഡിൽ കാഞ്ഞിലേരി എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. പയ്യാവൂർ - ബ്ലാത്തൂർ റോഡിലെ കണ്ടകശ്ശേരി പാലം, വണ്ണായിക്കടവ് പാലം, ചന്ദനക്കാംപാറ പാലം, വഞ്ചിയം - ചന്ദനക്കാംപാറ റോഡിലെ ചാപ്പക്കടവ് പാലം എന്നീ പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ചാപ്പക്കടവ് പാലത്തിനു സമീപത്തെ കളരിക്കൽ തങ്കച്ച​െൻറ പച്ചക്കറിക്കട തകർന്നു. പൊടിക്കളം, കൂട്ടുമുഖം, കാഞ്ഞിലേരി, ചെങ്ങളായി, പരിപ്പായി, മുങ്ങം എന്നിവിടങ്ങളിലെ നൂറുകണക്കിനേക്കർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടർന്ന് ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ബുധനാഴ്ച എ.ഇ.ഒ അവധി നൽകി. ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി വീടുകളുടെ മുകളിൽ പാറകളും മണ്ണും കുത്തിയൊലിച്ചെത്തി. വീടുകൾക്ക് കേടുപാടുകൾ പറ്റിയതിനാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആടാംപാറയിലെ വല്ലൂർ അന്നമ്മ, വഞ്ചിയത്തെ കല്ലാ രാജമ്മ, കല്ലാ നാരായണി, സുരേഷ്, മനയംകുന്നേൽ ശ്രീധരൻ എന്നിവരുടെ വീടുകളുടെ പിൻഭാഗത്താണ് കല്ലും മണ്ണും പതിച്ചത്. ഇതേ തുടർന്ന് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പിൽ, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ഐസക്, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി എം. വേലായുധൻ, റവന്യൂ, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ ഉരുൾപൊട്ടിയ സ്ഥലങ്ങൾ സന്ദർശിച്ചു. .............
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.