തളിപ്പറമ്പ്: ഫേസ്ബുക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദേശികൾക്ക് എയർ ഇന്ത്യയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യുവാവിനെ തളിപ്പറമ്പ് പൊലീസ് ഗുരുവായൂരിൽനിന്ന് പിടികൂടി. പാലക്കാട് മണ്ണമ്പറ്റയിലെ എം.വി. പ്രശാന്തിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ. ദിനേശെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ബക്കളം കടമ്പേരിയിലെ ജിതിൻ, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരെ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനംചെയ്ത് മൂന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2016 ആഗസ്റ്റിലാണ് ജിതിൻ ഫേസ്ബുക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐ.എ.എസുകാരനാണെന്നും ചെന്നൈയിൽ ഡെപ്യൂട്ടി കലക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. മികച്ച രീതിയിലുള്ള വസ്ത്രധാരണവും ഇംഗ്ലീഷ് ഭാഷയിലെ മികച്ച സംസാരവും വിശ്വാസം കൂടുതൽ ദൃഢമാക്കിയത്രെ. എയർ ഇന്ത്യയിൽ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ചതിനാൽ ധർമശാലയിലെ സിൻഡിക്കേറ്റ് ബാങ്ക് വഴി ജിതിൻ ഒന്നരലക്ഷം രൂപയും സുഹൃത്ത് ശ്രീഹരി പ്രേമരാജ് രണ്ടേകാൽ ലക്ഷം രൂപയും പ്രശാന്തിെൻറ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയംതോന്നി ചെന്നൈയിൽ നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. സൈബർ സെല്ലിെൻറ സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.