ഇരിട്ടി: ശക്തമായ മഴയില്‍ ഇരിട്ടി മേഖലയില്‍ പത്തിടങ്ങളില്‍ ഉരുള്‍പൊട്ടി. ഉളിക്കല്‍, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടലും ശക്തമായ മഴയും ജനജീവിതം സ്തംഭിപ്പിച്ചത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയം, ബാരാപോള്‍, ഉരുപ്പുംകുറ്റി, തുടിമരം, കളിതട്ടുംപാറ മേഖലയിലും ഉളിക്കല്‍ മേഖലയിലെ അറബിയിലും കൃഷിയിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മേഖലയില്‍ അമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുടിക്കയം അംഗൻവാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മുടിക്കയം പ്രദേശത്തെ എട്ടോളം കര്‍ഷകരുടെ ഏക്കര്‍കണക്കിന് കൃഷിയിടം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. മുടിക്കയം- പുല്ലുംപാറ തട്ട് റോഡും ഒഴുകിപ്പോയി. മുടിക്കയം- തൊടിമരം കൊല്ലി റോഡില്‍ കല്ലും മണ്ണും നിറഞ്ഞ് 30തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്ത് നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. മുടിക്കയത്തെ മങ്കരയില്‍ ദേവസ്യ, മാമ്പള്ളി തങ്കച്ചന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ബാരാപോളില്‍ പല്ലാട്ട് ജോസിെൻറ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ബാരാപോള്‍ പുഴയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ഉരുപ്പുംകുറ്റിയിലും തുടിമരത്തും വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടിയത്. കളിതട്ടുംപറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആനപ്പന്തി, അങ്ങാടിക്കടവ്, വാണിയപ്പാറ ടൗണുകളില്‍ വെള്ളം കയറി. വാണിയപ്പാറയില്‍ നിരവധി വീടുകളിലും വെള്ളം കയറി. ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ബാവലി പുഴ നിറഞ്ഞുകവിഞ്ഞു. പാലപ്പുഴ പാലം നിറഞ്ഞു കവിഞ്ഞതിനാല്‍ കാക്കയങ്ങാട്-ആറളം ഫാം-കീഴ്പ്പള്ളി റൂട്ടിലേക്കുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പുഴയിലെ ഇരുകരകളിലുമുള്ള താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാലപ്പുഴ വെള്ളത്തില്‍ മുങ്ങുന്നത്. ഉളിക്കല്‍ മേഖലയിലെ കാഞ്ഞിരക്കൊല്ലി, അലവിക്കുന്ന്, അറബിക്കുളം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കർണാടക വനത്തിലുണ്ടായ കനത്ത മഴയാണ് മേഖലയില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്. മണിക്കടവ് പുഴ കവിഞ്ഞൊഴുകിയതിനാല്‍ ടൗണിലെ 20തോളം കടകളില്‍ വെള്ളം കയറി. മേഖലയില്‍ പത്ത് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ 50തോളം വീടുകളില്‍ വെള്ളം കയറി. വട്ട്യാംതോട് ടൗണില്‍ വെള്ളം കയറി. പാലവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നുച്യാട് പുഴ കവിഞ്ഞ്് കൊക്കാട്, പൊയൂര്‍ക്കരി പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. റോഡും പാലവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഉളിക്കല്‍-പയ്യാവൂര്‍ മലയോര ഹൈവേയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പൊയൂര്‍ക്കരി, പരിക്കളം, വയത്തൂര്‍, പേരട്ട എന്നിവിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കയറി. മണിക്കടവ്, മാട്ടറ ഭാഗങ്ങളിലേക്കും വാഹന ഗതാഗതം തടസ്സപ്പെട്ടതിനാല്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. പേരട്ട-തൊട്ടിപാലം റോഡില്‍ വെള്ളം കയറിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിഞ്ഞ് തൊട്ടിപാലത്തെ ആമേരി വനജയുടെ വീട് പൂര്‍ണമായും തകര്‍ന്നു. കൂട്ടുപുഴയില്‍ കഴുവാറ്റില്‍ ജോസഫിെൻറ വീട്ടില്‍ വെള്ളം കയറി. കച്ചേരിക്കടവ് പാലത്തിന് സമീപം കുന്നിടിച്ചില്‍ ഉണ്ടായി. അയ്യൻകുന്നിലെ പാറയ്ക്കപ്പാറയില്‍ ഉരുള്‍പൊട്ടി മുപ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പാറയ്ക്കപ്പാറയിലെ തൊഴുതുങ്കല്‍പറമ്പിൽ സാജു,റജി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കല്ലും മണ്ണും ചളിയും ഒഴുകിയെത്തി നിരവധി പേരുടെ കൃഷി നശിച്ചു. പരിപ്പുതോട് പാലം മുങ്ങി 35 കുട്ടികള്‍ ഒറ്റപ്പെട്ടു. വെളിമാനം, മാങ്ങോട് സ്‌കൂളുകളിലെ കുട്ടികളാണ് ഒറ്റപ്പെട്ടത്. ഇവരെ ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആറളം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. സണ്ണി ജോസഫ് എം.എല്‍.എ, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, പഞ്ചായത്ത്-റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയും ഭയാശങ്കയോടെയാണ് പുഴ-വനാതിര്‍ത്തിയിലുള്ള ജനങ്ങള്‍ കഴിയുന്നത്. റവന്യൂ വകുപ്പ് അധികൃതര്‍ മേഖലയിലെ പഞ്ചായത്തുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാക്കൂട്ടം വനത്തില്‍ മെതിയടി പാലത്തിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.