കണ്ണൂർ: കേന്ദ്രസർക്കാർ കുടിവെള്ള-ശുചിത്വമന്ത്രാലയം ഗ്രാമീണശുചിത്വം വിലയിരുത്തൽ വെള്ളിയാഴ്ച മുതൽ 31വരെ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ സർവേക്കായി ഒരുക്കങ്ങൾ നടത്താൻ കലക്ടർ മിർ മുഹമ്മദലി തദ്ദേശസ്ഥാപനങ്ങളോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ദേശവ്യാപകമായി നടക്കുന്ന ശുചിത്വസർവേയിൽ കേരളത്തെയും ഒപ്പം കണ്ണൂർ ജില്ലയെയും ഒന്നാമതെത്തിക്കാൻ വേണ്ട അടിയന്തര പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾ നേതൃത്വം നൽകണം. പൊതുയിടങ്ങളുടെ സർവേ നേരിട്ടും ഓൺലൈൻ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങളുടേയും ഗ്രാമപ്രദേശങ്ങളിൽ സ്വാധീനമുള്ളവരുടേയും പ്രതികരണം, ശുചിത്വവുമായി ബന്ധപ്പെട്ട സേവന മാനദണ്ഡങ്ങളുടെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനമികവ് കണക്കാക്കുന്നത്. സ്കൂളുകൾ, അംഗൻവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ, ചന്തകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ, ബസ്സ്റ്റാൻഡുകൾ, പൊതു ഓഫിസുകൾ, റോഡുകളുടെ വശങ്ങൾ എന്നിവയാണ് പൊതുയിടങ്ങളായി കണക്കാക്കി നേരിട്ടുള്ള നിരീക്ഷണത്തിെൻറ ഭാഗമായി സർവേ ഏജൻസി സന്ദർശിക്കുക. ഇവിടങ്ങളിലെ ശൗചാലയങ്ങളുടെ ലഭ്യത, വൃത്തി, ഉപയോഗം, പൊതുയിടങ്ങളിലെ മാലിന്യം, മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം തുടങ്ങിയവ വിലയിരുത്തപ്പെടും. സമൂഹയോഗങ്ങളിലൂടെയും വ്യക്തിഗത അഭിമുഖങ്ങളിലൂടേയും ഓൺലൈൻവഴിയും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.