കുടുംബശ്രീയുടെ 'മുറ്റത്തെ മുല്ല'യിൽ രണ്ടാഴ്​ചക്കകം ഭേദഗതി

കണ്ണൂർ: സംസ്ഥാനത്തെ വട്ടിപ്പലിശക്കാരിൽനിന്നും ബ്ലേഡ്കമ്പനികളിൽനിന്നും മോചിപ്പിക്കാൻ സഹകരണ വകുപ്പ് കുടുംബശ്രീ മുഖേന നടപ്പാക്കാൻ കഴിഞ്ഞമാസം അനുമതി നൽകിയ 'മുറ്റത്തെ മുല്ല' വായ്പ പദ്ധതി രണ്ടാഴ്ചക്കകംതന്നെ ഭേദഗതിചെയ്തു. പദ്ധതി നടപ്പാക്കുന്ന കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങൾ അത് ഉപയോഗിക്കരുതെന്ന വിലക്കാണ് നീക്കിയത്. കുടുംബശ്രീ അംഗങ്ങൾക്കും ഉത്തമബോധ്യമുള്ള ഘട്ടത്തിൽ പരിമിത എണ്ണം വായ്പ സ്വയം എടുക്കാമെന്നാണ് പുതിയ ഭേദഗതി. പദ്ധതിയുടെ മോണിറ്ററിങ്ങിന് തദ്ദേശ സ്ഥാപന സാരഥികൾ ചെയർമാന്മാരായ സമിതി നിലവിൽ വന്നശേഷമാണ് പുതിയ ഭേദഗതി നിർദേശമുണ്ടായത്. ഇതനുസരിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ വിലക്കിയ നടപടി പിൻവലിച്ചു. ഒപ്പം വായ്പ നൽകാൻ ത്രികക്ഷി ഉടമ്പടി എന്ന ഉപാധിയും വെച്ചു. പ്രാഥമിക സഹകരണ സംഘം, കുടുംബശ്രീ, വായ്പക്കാരൻ എന്നിവർ തമ്മിലുള്ള ഉടമ്പടിരേഖയനുസരിച്ചാണ് ഇനി മുതൽ 'മുറ്റത്തെ മുല്ല' നടപ്പാക്കുക. സഹകരണ മന്ത്രിയുെട അധ്യക്ഷതയിൽ ജൂൺ 20ന് ചേർന്ന ഉന്നതതല യോഗത്തിലാണ് കുടുംബശ്രീ വഴി പുതിയ വായ്പാ പദ്ധതിയായി 'മുറ്റത്തെ മുല്ല' നടപ്പാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊള്ളപ്പലിശക്കാർ, ഇതരസംസ്ഥാന വട്ടിപ്പലിശക്കാർ, സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനികൾ എന്നിവരുടെ സാമ്പത്തിക കെണിയിൽപെട്ടവർക്ക് വേണ്ടിയുള്ളതാണ് വായ്പാ പദ്ധതി. ഇത്തരം ബ്ലേഡ്കമ്പനിയിൽ കടക്കെണിയിൽപെട്ടുവെന്ന് രേഖ സമർപ്പിക്കുന്നവർക്ക് ആയിരം മുതൽ കാൽലക്ഷം വരെ 12 ശതമാനം പലിശനിരക്കിൽ വായ്പ നൽകുന്നതിന് കുടുംബശ്രീ യൂനിറ്റുകൾക്ക് പത്തുലക്ഷം രൂപവരെ സഹകരണവകുപ്പ് നൽകും. മുറ്റത്തെ മുല്ലക്ക് 12 ശതമാനമാണ് പലിശയെങ്കിൽ അത് നടപ്പാക്കാൻ മുൻകൈയെടുക്കുന്ന കുടുംബശ്രീക്ക് നൽകുന്ന വായ്പക്ക് ഒമ്പത് ശതമാനമാണ് പലിശ. പലിശവരുമാനത്തിൽ കുടുംബശ്രീക്ക് കിട്ടുന്ന മിച്ചം അവരുെട ഇഷ്ടപ്രകാരം വിനിയോഗിക്കാം. 52 ആഴ്ചക്കകം തുക തിരിച്ചുപിടിക്കണം. കുടുംബശ്രീ അംഗങ്ങൾ നേരിട്ട് വീട്ടിലെത്തി വായ്പയിൽ ചേർക്കും. നേരിട്ടുതന്നെ ഗഡുക്കൾ പിരിക്കുകയുംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.