കോടികൾ മുടക്കി പണിത പുതിയപാലങ്ങൾ തുറക്കാനാകുന്നില്ല; ട്രെയിനുകൾക്ക്​ ഭീതിയുടെ യാത്രതന്നെ

തലശ്ശേരി: നിർമാണം പൂർത്തിയായ റെയിൽവേ പാലങ്ങൾ ഇനിയും തുറന്നുകൊടുക്കാൻ അധികൃതർക്കാവുന്നില്ല. പാലങ്ങൾ പൂർത്തിയായിട്ടും റെയിൽപാത ഒരുക്കേണ്ട സ്വകാര്യഭൂമികൾ ഏറ്റെടുക്കാൻ റെയിൽവേക്ക് കഴിയാത്തതാണ് കോടികൾ ചെലവഴിച്ച് നിർമിച്ച പാലങ്ങളിലൂടെ ട്രെയിനുകൾ കടത്തിവിടാൻ കഴിയാത്തതിന് കാരണം. ഇത് ഭീതിനിറഞ്ഞ ട്രെയിൻയാത്രയാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. അതി ദുർബലാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10 വർഷം മുമ്പ് ബ്ലാക്ക് ലിസ്റ്റിൽ ഇടംപിടിച്ച പഴക്കമേറിയ പാലങ്ങളിലൂടെതന്നെയാണ് ഇപ്പോഴും ട്രെയിനുകളുടെ 'സുഖയാത്ര'. കോടികൾ മുടക്കി തൊട്ടപ്പുറം പുതിയപാലം പൂർത്തിയായി നിൽക്കുമ്പോഴാണിത്. ഷൊർണൂർ-മംഗളൂരു ലൈനിലുള്ള ഭൂരിഭാഗം പാലങ്ങളും പഴയവയാണ്. ഇവയിൽ കൂടുതൽ ശ്രദ്ധവേണ്ട പേരശന്നൂർ, എലത്തൂർ, വടകര മൂര്യാട്, മാഹി, ധർമടം, ഏഴിമല, കാര്യങ്കോട്, ബേക്കൽ, നേത്രാവതി പാലങ്ങളിലൂടെ വേഗനിയന്ത്രണം പാലിച്ചും ഇടക്കിടെ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയുമാണ് റെയിൽേവ എൻജിനീയറിങ് വിഭാഗം യാത്ര-ചരക്ക് ട്രെയിനുകളെ കടത്തിവിടുന്നത്. കാര്യങ്കോട്, വടകര മുര്യാട്, ധർമടം, കുടക്കടവ്, ബേക്കൽ, പള്ളിക്കര, ഏഴിമല, കുമ്പള, ഷിറിയ എന്നിവിടങ്ങളിൽ പുതിയ പാലങ്ങളുടെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. അവസാനഘട്ട മിനുക്കുപണികൾ നടന്നുവരുകയാണ്. പുതിയപാലത്തിലേക്ക് പാളം നീട്ടാനുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടേതാണ്. വില സ്വീകാര്യമാവാത്തതിനാൽ പലരും ഭൂമി വിട്ടുനൽകുന്നില്ല. റവന്യൂവകുപ്പുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ അപകടാവസ്ഥയിലായ മുത്തശ്ശിപ്പാലങ്ങളിലൂടെതന്നെ ട്രെയിനുകൾക്ക് യാത്ര തുടരേണ്ടിവരുമെന്നതാണ് നിലവിലത്തെ അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.