സി. അഹമ്മദ് കുഞ്ഞി മുസ്​ലിം ലീഗിൽ ചേർന്നു

കാസർകോട്: കാസർകോട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് സി. അഹമ്മദ് കുഞ്ഞി വീണ്ടും മുസ്ലിം ലീഗിൽ ചേർന്നു. ഫാഷിസത്തെ ചെറുക്കുന്നതിനും മതേതരമൂല്യം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് മുസ്ലിം ലീഗിൽ ചേർന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നല്ലമനസ്സോടെ മുസ്ലിം ലീഗിൽ ചേരാനുള്ള താൽപര്യം പ്രകടിപ്പിച്ചപ്പോൾ വാർഡ്, പഞ്ചായത്ത്, മണ്ഡലം നേതാക്കളുടെ ആവശ്യപ്രകാരം ജില്ല കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ സി. അഹമ്മദ് കുഞ്ഞിക്ക് അംഗത്വം നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ പറഞ്ഞു. സി. അഹമ്മദ് കുഞ്ഞിക്ക് മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി േമയ് ആറിന് സ്വീകരണം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 26ന് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണമൊരുക്കുന്നുണ്ട്. എം.എസ്.എഫിലൂടെ ഹരിതരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സി. അഹമ്മദ് കുഞ്ഞി മുസ്ലിം ലീഗ് അവിഭക്ത കണ്ണൂർ ജില്ല പ്രവർത്തക സമിതിയംഗം, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജില്ല വൈസ് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു. 1996-2001ൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചിരുന്നു. കന്നഡ മേഖലയിൽനിന്ന് ഈ സ്ഥാനത്തെത്തിയ ഏക വ്യക്തികൂടിയായിരുന്നു അദ്ദേഹം. പിൽക്കാലത്ത് സി.പി.എമ്മിൽ ചേർന്ന ഇദ്ദേഹം ഏരിയ കമ്മിറ്റി അംഗമാവുകയും ന്യൂനപക്ഷ ക്ഷേമത്തിനായി രൂപവത്കരിച്ച പാലോളി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ജോ. സെക്രട്ടറി പി.എം. മുനീർ ഹാജി, മഞ്ചേശ്വരം മണ്ഡലം നേതാക്കളായ ടി.എ. മൂസ, എം. അബ്ബാസ്, റഹ്മത്തുല്ല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.