നബാർഡ് പദ്ധതികൾ നടപ്പാക്കാനാവില്ല - -ജില്ല പഞ്ചായത്ത് കാസർകോട്: വൻ പ്രോജക്ടുകൾക്ക് മാത്രം വായ്പ നൽകിയാൽ നബാർഡ് പദ്ധതി നടപ്പാക്കാനാവില്ലെന്ന് ജില്ല പഞ്ചായത്ത് യോഗം അഭിപ്രായപ്പെട്ടു. ചെറുപദ്ധതികൾക്ക് വായ്പ നൽകാൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. 2018- -19ലേക്കുള്ള ഗ്രാമീണമേഖലയിലെ അടിസ്ഥാന വികസനപദ്ധതികൾക്ക് നിർദേശം സമർപ്പിക്കാൻ ജില്ല പഞ്ചായത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രവൃത്തികളുടെ അടങ്കൽതുകയുടെ 80 ശതമാനം മുതൽ 95 ശതമാനം വരെ വായ്പ നൽകുന്നുണ്ട്. അഞ്ചുശതമാനം മുതൽ 20 ശതമാനം വരെ തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. അഞ്ചുകോടിക്കു മുകളിലുള്ള പദ്ധതികളാണ് നബാർഡിന് സമർപ്പിക്കേണ്ടത്. ഇത്തരം പദ്ധതികൾ ജില്ല പഞ്ചായത്തിന് ഉൾപ്പെടുത്താനാവില്ലെന്ന് യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഇതനുസരിച്ച് നബാർഡിന് കത്തെഴുതാനും ചെറുപദ്ധതികൾക്ക് രൂപംനൽകാനും ആവശ്യപ്പെടാനും തീരുമാനിച്ചു. ജോസ് പതാലിനാണ് പ്രശ്നം ഉന്നയിച്ചത്. ഭാഷ ഏകോപന സമിതിയിലേക്ക് കന്നടഭാഷ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടും. ജില്ല ആശുപത്രിയിൽ കുടിവെള്ളപ്രശ്നം ഡയാലിസിസ് പ്രവർത്തനത്തെ ബാധിക്കുന്നു. പമ്പ്ചെയ്യുന്ന കിണറിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറിന് നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ പുതിയ കുഴൽക്കിണർകൂടി കുഴിക്കും. ജില്ല ആശുപത്രി കുടിവെള്ളപദ്ധതിക്കായി ജല അതോറിറ്റി മുന്നോട്ടുെവച്ച പദ്ധതി നടപ്പാകാതെപോയത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ ഉന്നയിച്ചു. പദ്ധതിപ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് കാരണമാണ് പദ്ധതി മുടങ്ങിയത്. ഇൗ പദ്ധതിയിൽ കരാറുകാരന് 4,41,600 രൂപ നൽകാനുണ്ട്. ഇത് നൽകാൻ തീരുമാനിച്ചു. പദ്ധതി പൂർത്തിയാക്കാൻ ഏതെങ്കിലും വിധത്തിൽ സാധിക്കുമോയെന്ന് റവന്യൂവകുപ്പ് മന്ത്രിയോടും കലക്ടറോടും ചർച്ചചെയ്യാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.