സർവകലാശാല പരീക്ഷ കൺട്രോളറെ കെ.എസ്‌.യു ഉപരോധിച്ചു

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളറെ ഉപരോധിച്ചു. കാഞ്ഞങ്ങാട്‌ നെഹ്റു കോളജ് പ്രിൻസിപ്പലിനെ അധിക്ഷേപിച്ച വിഷയത്തിൽ സസ്പെൻഷനിലായ എസ്‌.എഫ്‌.ഐ നേതാക്കൾക്ക്‌ പരീക്ഷ എഴുതാൻ വഴിവിട്ട സഹായം നൽകിയതിൽ പ്രതിഷേധിച്ചാണ് കൺട്രോളർ പി. ബാബു ആേൻറായെ ഉപരോധിച്ചത്. സർവകലാശാല നിയമങ്ങൾ കാറ്റിൽ പറത്തി മതിയായ ഹാജറില്ലാതെ പരീക്ഷയെഴുതാൻ അനുമതി നൽകിയ നടപടി തിരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തീരുമാനത്തിലെ ക്രമക്കേടുകളും വീഴ്ചയും തുറന്നുകാട്ടുന്ന രേഖകളുമായാണ്‌ രാവിലെ 10.15ഒാടെ പ്രവർത്തകർ എത്തിയത്‌. ഹാജറില്ലെന്ന് ബോധ്യപ്പെട്ടാൽ എഴുതിയ പരീക്ഷകൾ റദ്ദാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്. വീഴ്ച പരിശോധിച്ച്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അനുവദിച്ച ഹാൾടിക്കറ്റ്‌ പിൻവലിച്ച്‌ ഉപാധികളോടുകൂടിയുള്ളത് നൽകാമെന്നും കൺട്രോളർ അറിയിച്ചു. ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി ഏപ്രിൽ 20നകം റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉത്തരവിട്ടു. ഉപരോധസമരത്തിന് കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അതുൽ, സംസ്ഥാന സെക്രട്ടറി എം.കെ. വരുൺ, ജില്ല പ്രസിഡൻറ് പി. മുഹമ്മദ്‌ ഷമ്മാസ്‌, മുൻ ജില്ല പ്രസിഡൻറ് സുദീപ്‌ ജയിംസ്‌, സി.ടി. അഭിജിത്ത്‌, നവനീത്‌ നാരായണൻ, ഗോകുൽ കല്യാട്‌, ജിസ്‌മോൻ ഓതറയിൽ, വി.കെ. റനീസ്‌, നബീൽ വളപട്ടണം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.