സർക്കാർ ഡോക്ടർമാരുടെ സമരത്തിന് പിന്നിൽ സ്വകാര്യ പ്രാക്ടിസ് തടസ്സപ്പെടുമെന്ന ഭയം -മന്ത്രി ശൈലജ കണ്ണൂർ: നടത്തുന്ന സ്വകാര്യ പ്രാക്ടിസിന് തടസ്സംവരുമോയെന്ന ചില ഡോക്ടർമാരുടെ പേടിയാണ് ഒ.പി സമയം നീട്ടിയതിെൻറ പേരിലെ സമരത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സർക്കാർ ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുറച്ചുപേർ മാത്രമാണ് സമരംചെയ്യുന്നത്. അവരുടെ ആക്ഷേപം ശരിയല്ല. ഒ.പി സമയം നീട്ടിയെങ്കിലും ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിെൻറ ആർദ്രം മിഷനെ പൊളിക്കാനുള്ള ഒരുസംഘം ഡോക്ടർമാരുടെ ഗൂഢാലോചനയാണ് നടക്കുന്നത്. ജനങ്ങൾക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ തക്കതായ ശിക്ഷ ലഭിക്കും. ആരോഗ്യരംഗം അവശ്യ സർവിസായതിനാൽ ഡോക്ടർമാർക്ക് പണിമുടക്കി സമരംചെയ്യാൻ പറ്റില്ല. ആശുപത്രിയിൽ വരുന്ന രോഗികളോടാണോ ഡോക്ടർമാർ പണിമുടക്കുന്നത്. ഈ സമരത്തെ എന്തുചെയ്യണമെന്ന് ജനങ്ങൾ ആലോചിക്കണം. ഒ.പി സമയം രാവിലെ ഒമ്പത് മുതൽ ഒരുമണി വരെയും ഉച്ച രണ്ട് മുതൽ ആറുമണി വരെയുമാക്കി. എന്നാൽ, രാവിലെ ജോലിചെയ്യുന്ന ഡോക്ടർ ഉച്ചക്ക് ഒ.പിയിൽ ഇരിക്കേണ്ടതില്ല. കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സയുമില്ല. മൂന്ന് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രമാണ് തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്. ഡോക്ടറും നഴ്സുമില്ലാത്ത ഒരു പി.എച്ച്.സിയിലും കുടുംബാരോഗ്യകേന്ദ്രം പ്രഖ്യാപിക്കുകയോ വൈകുന്നേരത്തെ ഒ.പി നിർബന്ധമാക്കുകയോ ചെയ്തിട്ടില്ല. മൂന്ന് ഡോക്ടർമാരുണ്ടായിട്ടും വൈകുന്നേരം ഒ.പിയിൽ ഹാജരാകാതിരുന്നതിെൻറ പേരിലാണ് പാലക്കാട്ട് കുമരംപുത്തൂരിലെ ഒരു ഡോക്ടറെ സസ്പെൻഡ്ചെയ്തത്. ജോലിചെയ്യാൻ തയാറാകാത്ത ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാതെ വകുപ്പിന് മുന്നോട്ടുപോകാനാവില്ലെന്നും മന്ത്രി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.