സൂനാമിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന്​ ഒരുമാസത്തിനകം സാക്ഷ്യപത്രം നൽകണം -^മനുഷ്യാവകാശ കമീഷൻ

സൂനാമിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ഒരുമാസത്തിനകം സാക്ഷ്യപത്രം നൽകണം --മനുഷ്യാവകാശ കമീഷൻ വേണു കള്ളാർ കാസർകോട്: കീഴൂർ കടപ്പുറത്ത് സൂനാമിത്തിരമാലയിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളി ബേക്കൽ കൂനിക്കൂട്ടക്കാർ വീട്ടിൽ ബാലൻ മരിച്ചതായി സ്ഥിരീകരിക്കുന്ന സാക്ഷ്യപത്രം ജില്ല കലക്ടർ ഒരുമാസത്തിനകം ആശ്രിതർക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. 2004 ഡിസംബർ 27ന് കടലിൽ കാണാതായ ബാല​െൻറ കുടുംബത്തിന് 13 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നിഷേധിച്ചത് സംബന്ധിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് കമീഷ​െൻറ ഉത്തരവുണ്ടായത്. ബാല​െൻറ കുടുംബത്തിന് അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ ജില്ല ഭരണകൂടവും ഫിഷറീസ് വകുപ്പും ചെമ്മനാട് പഞ്ചായത്തും സ്വീകരിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു. സാക്ഷ്യപത്രത്തി​െൻറ അഭാവത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി ക്ഷേമസംഘത്തിൽ 646-ാം നമ്പർ അംഗമായിരുന്ന ബാലൻ 2004-2005 വർഷത്തെ ഇൻഷുറൻസ് പ്രീമിയം അടച്ചില്ലെന്ന കാരണം പറഞ്ഞ് ആനുകൂല്യം നൽകാതിരിക്കുന്നത് തെറ്റാണ്. ഇക്കാര്യത്തിൽ സംഘം ഡയറക്ടർ ബോർഡും സർക്കാറും ഉദാരസമീപനം കൈക്കൊള്ളണം. ബാല​െൻറ കുടുംബാംഗങ്ങൾക്ക് മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മരണം സ്ഥിരീകരിക്കുന്ന സാക്ഷ്യപത്രം നൽകേണ്ടത് റവന്യൂവകുപ്പാണെന്നും മരണസർട്ടിഫിക്കറ്റ് നൽകേണ്ടത് പഞ്ചായത്താണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതേവരെ പഞ്ചായത്ത്, റവന്യൂവകുപ്പുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്ന പൊലീസ് റിപ്പോർട്ട് ഗൗരവതരമാണെന്നും ഉത്തരവിൽ പറഞ്ഞു. 2014 നവംബർ 10ന് റവന്യൂവകുപ്പ് പുറത്തിറക്കിയ സർക്കുലർപ്രകാരം മൃതശരീരംപോലും ലഭ്യമാകാതെ കടലിൽ അപ്രത്യക്ഷരാകുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ആനുകൂല്യം നൽകാമായിരുന്നുവെന്ന് കമീഷൻ നിരീക്ഷിച്ചു. ഇന്ത്യൻ തെളിവുനിയമത്തിലെ 108ാം വകുപ്പ് ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്. ബാലൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ പൊലീസ് കേസ്പ്രകാരം അത് തെളിയിക്കേണ്ട ബാധ്യത സർക്കാറിനായിരുന്നു. ഇന്ദിര x യൂനിയൻ ഓഫ് ഇന്ത്യ, മറിയാമ്മ സാമൂവൽ x സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളിൽ ഏഴുവർഷത്തിനപ്പുറം അപ്രത്യക്ഷരാവുകയും പൊലീസ് അന്വേഷണത്തിൽ തുമ്പുണ്ടാകാതെ പോവുകയുംചെയ്യുന്ന കേസുകളിൽ മരണം സ്ഥിരീകരിച്ച് മരണാനന്തര ആനുകൂല്യങ്ങൾ നൽകാൻ കേരള ഹൈകോടതി നിർദേശിച്ചിട്ടുണ്ടെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.