മാഹി: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മാഹി ദേശീയപാതയോരത്തെ അടച്ചുപൂട്ടിയ 32 മദ്യശാലകളിൽ പകുതിയോളം ചൊവ്വാഴ്ച വൈകീട്ട് തുറന്നു. ബാക്കിയുള്ളവ മിനുക്ക് പണിക്കുശേഷം ഇന്ന് തുറക്കും. ഡിസംബർ 15െൻറ സുപ്രീം കോടതി വിധിക്ക്, ഈവർഷം ജൂലൈ 11ന് സുപ്രീം കോടതിയുടെ തന്നെ വിശദീകരണം വന്നതോടെയാണിത്. നഗരസഭ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ 500 മീറ്റർ ദൂരപരിധി ബാധകമല്ലെന്നാണ് കോടതി വിശദീകരിച്ചത്. ഇതോടെയാണ് നേരത്തെ അടച്ചുപൂട്ടിയ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. ദേശീയപാതയുടെ ഇരുവശത്തുമായുള്ള മൊത്ത, ചില്ലറ വിൽപനശാലകളും ബാറുകളും ഉൾപ്പെടെയുള്ള 32 മദ്യശാലകളാണ് മാർച്ച് 31ഓടെ അടച്ചുപൂട്ടിയത്. മാർച്ച് 31ന് ഇവയുടെ ലൈസൻസ് കാലാവധിയും കഴിഞ്ഞിരുന്നു. ഫെബ്രുവരിയിൽതന്നെ ലൈസൻസ് ഫീസ് അടച്ച് പുതുക്കാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, കോടതി വിധിയെ തുടർന്ന് സർക്കാർ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. പള്ളൂർ, പന്തക്കൽ മേഖലകളിലെ 32 മദ്യശാലകൾക്ക് മാത്രമാണ് ലൈസൻസ് അനുവദിച്ചത്. മദ്യശാലകൾ വീണ്ടും തുറക്കുന്നതിന് പുതുച്ചേരി സംസ്ഥാന െഡപ്യൂട്ടി എക്സൈസ് കമീഷണർ ഇന്നലെ ഇറക്കിയ ഉത്തരവ് അതേദിവസം തന്നെ എക്സൈസ് കമീഷണർ കൂടിയായ മാഹി അഡ്മിനിസ്ട്രേറ്റർക്ക് ലഭിച്ചു. ഉത്തരവ് മാഹിയിൽ എത്തിയ ഉടനെ തന്നെ മദ്യശാലയുടമകൾ നഗരസഭയിൽനിന്നും ട്രേഡ് ലൈസൻസും വാങ്ങി. അതേസമയം അഞ്ച് മാസത്തിലേറെയായി അടച്ചിട്ട മദ്യശാലകളിലേറെയും അറ്റകുറ്റപണികളും മറ്റും പൂർത്തിയാക്കി കട തുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.