റോഡിൽ പൊലിയുന്ന ജീവൻ കാഞ്ഞങ്ങാട്: അശാസ്ത്രീയമായ വളവുകാരണം അപകട മുനമ്പായി മാറിയിരിക്കുകയാണ് പെരിയ മൂന്നാംകടവ്. ഇറക്കത്തിലെ വളവിൽ സുരക്ഷാവേലിയില്ലാത്തത് അപകടസാധ്യത കൂട്ടുന്നതായി നാട്ടുകാര്‍. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരിയ മൂന്നാംകടവില്‍ കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് അപകടം സംഭവിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കുേമ്പാഴേക്കും വൈകീട്ട് ആറു മണിയായി. നാട്ടുകാരും കാഞ്ഞങ്ങാട്ട് യൂനിറ്റിൽ നിന്നുള്ള മൂന്ന് ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിനായുണ്ടായത്. ചെങ്കുത്തായ കയറ്റിറക്കമായിരുന്നു 20 വര്‍ഷം മുമ്പ് ഇവിടെ. മാസങ്ങളോളം പണിയെടുത്താണ് കയറ്റം കുറച്ചത്. എന്നാല്‍, റോഡരികിലെ കിണറുള്‍പ്പെടെയുള്ള സ്ഥലം വലിയ കൊക്കപോലെ താഴെ ബാക്കിയായ അവസ്ഥയാണ്. രണ്ട് ബസുകള്‍ക്ക് ഒരേസമയം കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയുണ്ടെങ്കിലും സുരക്ഷാവേലി സ്ഥാപിക്കാത്തത് അപകടസാധ്യത കൂട്ടുന്നു. കഴിഞ്ഞ ---------വർഷം മാസം ഇവിടെ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തൊട്ടടുത്ത കിണറിലേക്ക് ബസ് വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്. ഇൗ വഴി അത്ര പരിചയമില്ലാത്ത ഡ്രൈവര്‍മാരാണെങ്കില്‍ അപകട സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. അതിരാവിലെ ഇതുവഴി യാത്ര ചെയ്യുന്നത് കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന പണിയായി പ്രദേശവാസികള്‍ക്കെന്നും. ഇതിനൊരു മാറ്റം വേണമെന്നാഗ്രഹിച്ച് വളവ് നിവർത്താൻ ജനകീയ പ്രതിരോധ സമിതി മുന്നിട്ടിറങ്ങിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡിവൈഡറുകളില്‍ പതിച്ച റിഫ്ലക്ടറുകള്‍ പ്രകാശിക്കാത്തതും വഴിവിളക്ക് നോക്കുകുത്തിയായതുമാണ് വിനയാകുന്നത്. ഡിവൈഡറില്‍ പലയിടത്തും പുല്ല് മൂടി റിഫ്ലക്ടറുകള്‍ പ്രകാശിക്കാത്തതും അപകടത്തിന് കാരണമാകുന്നു. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെ കൃത്യമായി കാണാന്‍ കഴിയാത്തതും റോഡിലെ കുഴിയുമാണ് ഈ ഭാഗത്ത് നിരന്തരമായി വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇടയാക്കിയിരുന്നത്. ഈ സ്ഥലത്ത് കാല്‍നടക്കാര്‍ റോഡുമുറിച്ച് എതിര്‍വശത്തേക്ക് കടക്കുന്നത് സാഹസികമായാണ്. ഓരോ തവണ അപകടം നടക്കുമ്പോഴും സംഭവസ്ഥലത്തെത്തി അപകടവിവരം ശേഖരിച്ചുപോകുന്ന പൊലീസ് പിന്നീട് തിരിച്ചെത്തുന്നത് അടുത്തതായി സംഭവിക്കുന്ന അപകടവിവരം ശേഖരിക്കാനാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ രാവിലെയും വൈകീട്ടും ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിര്‍ത്തണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ഇനിയും മുഖവിലക്കെടുത്തിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പരിഹാരം കാണാന്‍ അധികൃതരുടെ കണ്ണുതുറക്കുന്നില്ല. മനുഷ്യജീവന് വിലകല്‍പ്പിക്കാതെ അടുത്ത അപകടത്തിനായി കാത്തുനില്‍ക്കുകയാണ് ബന്ധപ്പെട്ട അധികാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.