കോളയാട്: ഒന്നരവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ട് ഇടക്ക് തര്‍ക്കങ്ങള്‍ നേരിട്ടതിനാല്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയ കൊമ്മേരി ആടുവളർത്തുകേന്ദ്രം വികസനപദ്ധതി 2018 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാൻ ധാരണയായി. ഇ.പി. ജയരാജൻ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് ജനപ്രതിനിധികളും കരാറുകാരും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. 3.17 കോടി രൂപയാണ് സിവില്‍ വര്‍ക്കുകള്‍ക്ക് അനുവദിച്ചത്. സികോ കമ്പനിയാണ് ഇതിെൻറ കരാര്‍ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. 1965ലാണ് കൊമ്മേരി ആസ്ഥാനമായി ആടുവളര്‍ത്തല്‍കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് സഹായകരമായി മികച്ചയിനം ആട്ടിന്‍ കുട്ടികളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കൊമ്മേരി കേന്ദ്രം ആദ്യകാലങ്ങളില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പദ്ധതി വിഭാവനം ചെയ്ത രീതിയിലേക്ക് വളരാൻ കഴിഞ്ഞില്ല. ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലാണിപ്പോൾ. ജില്ല പഞ്ചായത്തിെൻറയും മൃഗസംരക്ഷണ വകുപ്പിെൻറയും സഹകരണത്തോടെ രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിപ്രകാരം ഫാമിെൻറ വികസനത്തിനായി നാലരക്കോടി രൂപയാണ് അനുവദിച്ചത്. മൂന്നു ഹൈടെക് ഷെഡുകള്‍, മൃഗാശുപത്രി, ലാബ്, ഡങ്പിറ്റ്, ഡിസ്‌പോസല്‍ പിറ്റ്, സര്‍ജിക്കല്‍ റൂം, ട്രെയിനിങ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് തുടങ്ങിയത്. 10 ഓഫിസർമാർ അടക്കം 20 പേരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. 360 ആടുകളെ ഉള്‍ക്കൊള്ളിക്കാന്‍ തക്കവിധം സൗകര്യമുള്ള കേന്ദ്രത്തില്‍ 225 ആടുകളാണ് നിലവിലുള്ളത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200ലധികം ആടുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.