മംഗളൂരു: കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രപരിസരത്ത് 1000 ഭക്തര്‍ക്ക് ഒന്നിച്ച് ആഹാരം കഴിക്കാനും അത്രയും പേര്‍ക്ക് കാത്തിരിപ്പിനും സൗകര്യമുള്ള ഡൈനിങ്ഹാള്‍ ഒരുങ്ങുന്നു. 70000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 21 കോടി രൂപ ചെലവിലാണ് മൂന്നു നിലകളിലായി ലിഫ്റ്റ് സൗകര്യങ്ങളോടെ ഊട്ടുപുര നിര്‍മിക്കുന്നത്. അടുത്തവര്‍ഷം ഇത് പൂര്‍ത്തിയാകുമെന്ന് ക്ഷേത്രം എൻജിനീയര്‍ ഡി.കെ. പ്രകാശ് 'മാധ്യമ'ത്തോട് പറഞ്ഞു. നിലവില്‍ 400 പേർക്കാണ് ഉൗട്ടുപുരയിൽ സൗകര്യമുള്ളത്. പ്രതിദിനം 3000-5000 ഭക്തജനങ്ങള്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നുണ്ടെന്ന് ക്ഷേത്രം അസി. എക്സി. ഓഫിസര്‍ എച്ച്. കൃഷ്ണമൂര്‍ത്തി പറഞ്ഞു. മഹാനവമിപോലുള്ള ഉത്സവവേളകളില്‍ സന്ദര്‍ശകരുടെ എണ്ണം പതിനായിരമാകും. ഭക്തരില്‍ ഗണ്യഭാഗം കേരളീയരാണ്. കര്‍ണാടക നഗര ജലവിതരണ- അഴുക്കുചാല്‍ ബോര്‍ഡ് (കെ.യു.ഡബ്ല്യൂ.എസ്.ഡി.ബി) 24.67 കോടി രൂപ ചെലവില്‍ ശുദ്ധജല വിതരണ പദ്ധതിയും 19.97 കോടി രൂപ ചെലവില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ പദ്ധതിയും നടപ്പാക്കുന്നുണ്ട്. കൊല്ലൂര്‍ ഗ്രാമത്തിലെ 3000 കുടുംബങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുംവിധമാണ് ഈ പദ്ധതികള്‍ പൂര്‍ത്തിയാവുക. 2.5 ദശലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം വിതരണശേഷിയുള്ളതാണ് ജലപദ്ധതി. ക്ഷേത്രവും അതിഥിമന്ദിരങ്ങളും മാത്രം ദിനേന മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. മലയാളിയായ ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ് പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.