കണ്ണൂർ: കുടുംബശ്രീ മിഷൻ എൻ.യു.എൽ.എം പദ്ധതിയിലൂടെ സ്വയംതൊഴിൽ, ചെറുകിടസംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകും. ജില്ലയിലെ നഗരസഭയിലെ സ്ഥിരതാമസക്കാരായ 50,000ത്തിൽ താഴെ വാർഷികവരുമാനമുള്ള സ്ത്രീ-പുരുഷന്മാർക്കാണ് അർഹതയുള്ളത്. സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് വായ്പാ പലിശയിൽ സബ്സിഡി നൽകുന്ന രീതിയിലായിരിക്കും സാമ്പത്തികസഹായം നൽകുന്നത്. ബാങ്കുകൾ മുഖേനയാണ് വായ്പ ലഭ്യമാക്കുക. വ്യക്തിഗത വായ്പകൾക്ക് രണ്ടുലക്ഷവും അഞ്ചുപേരിൽ കുറയാത്ത കൂട്ടുസംരംഭങ്ങൾക്ക് പത്തു ലക്ഷവുമാണ് പരമാവധി വായ്പാതുക. കൂട്ടുസംരംഭങ്ങൾ സ്ത്രീകൾ തനിയെയോ പുരുഷന്മാർ തനിയെയോ ഇരുകൂട്ടരും ചേർന്നുള്ളതോ ആവാം. പേക്ഷ, ഒരു കുടുംബത്തിൽനിന്ന് ഒന്നിലേറെയാളുകൾ ഒരേ സംരംഭത്തിൽ ഉൾപ്പെടാൻ പാടില്ല. ഇത്തരം വായ്പകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല, വായ്പാതുക ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ആസ്തികൾ ബാങ്കിൽ പണയപ്പെടുത്തുക മാത്രം ചെയ്താൽ മതിയാകും. വിശദമായ ബിസിനസ് പ്ലാൻ, ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയൽ രേഖകൾ, ക്വട്ടേഷൻ എന്നിവയുടെ പകർപ്പുകൾ നിർദിഷ്ട അപേക്ഷാഫോറത്തിനൊപ്പം നഗരസഭയിൽ സമർപ്പിക്കണം. ബാങ്ക് വായ്പയുടെ ഏഴു ശതമാനത്തിനു മുകളിലുള്ള പലിശനിരക്ക്, കൃത്യമായി തിരിച്ചടക്കുന്നവർക്കു മൂന്നുശതമാനം അധികപലിശ എന്നിവ സബ്സിഡിയായി ലഭിക്കും. കൃത്യമായി വരവുചെലവ് കണക്കുകൾ സൂക്ഷിക്കുന്ന സംരംഭങ്ങൾക്ക് മറ്റ് ആനുകൂല്യത്തിനും അർഹതയുണ്ടാകും. അപേക്ഷകർ പദ്ധതിമുഖേന സംഘടിപ്പിക്കുന്ന നാല് ദിവസത്തെ തൊഴിൽവൈദഗ്ധ്യ പരിശീലനത്തിൽ പങ്കെടുക്കണം. നഗരസഭകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസ്/ എൻ.യു.എൽ.എം യൂനിറ്റിൽനിന്ന് അപേക്ഷകൾ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.