ലൈഫ് മിഷന്‍ പദ്ധതി: റേഷന്‍ കാര്‍ഡില്ലാത്തവരെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും -മന്ത്രി ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ പദ്ധതിയില്‍ റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് റവന്യൂ, ഭവനനിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ലൈഫ് മിഷന്‍ ജില്ലതല അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ യാഥാർഥ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കണം. പാതിയില്‍ ഉപേക്ഷിച്ച വീടുകള്‍ 2018 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ സാധിക്കണം. ഇതിന് വാര്‍ഷികപദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിഹിതം വകയിരുത്തണം. ഭൂമിയും വീടുമില്ലാത്ത 12,813 കുടുംബങ്ങളും വീടില്ലാത്ത 7957 കുടുംബങ്ങളും വീട് പൂര്‍ത്തിയാക്കാത്ത 2072 കുടുംബങ്ങളും ജില്ലയിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കുവേണ്ടി ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിർമിക്കാന്‍ ഭൂമി ആവശ്യമാണ്. സൗജന്യമായി ഭൂദാനത്തിന് തയാറുള്ളവരുടെ വിവരങ്ങള്‍ ഒക്ടോബർ 31നകം ശേഖരിക്കണമെന്ന് മന്ത്രി നിർദേശം നല്‍കി. അര്‍ഹരായവര്‍ക്കെല്ലാം വീട് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. സന്നദ്ധസംഘടനകള്‍, വ്യക്തികള്‍, പ്രവാസികൾ, വന്‍കിട കോര്‍പറേറ്റുകള്‍ തുടങ്ങി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഈ യജ്ഞത്തില്‍ ഉറപ്പുവരുത്തും. നിര്‍ധനർക്കുവേണ്ടിയുള്ള ലൈഫ് മിഷന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാകണം. പ്രാദേശികതല സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. നിഷ്പക്ഷവും സുതാര്യവുമായ രീതിയില്‍ ഗുണഭോക്താക്കളുടെ അന്തിമപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നിന് സംസ്ഥാനതലത്തില്‍ ലൈഫ് സ്‌കീം പ്രഖ്യാപിക്കും. നവംബര്‍ ആദ്യവാരം ജില്ലയിലും പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 7.74 ഏക്കര്‍ ഭൂമി മാത്രമാണ് ഇതുവരെ ലഭ്യമായത്. എല്ലാവര്‍ക്കും വീട് ലഭിക്കാന്‍ 240 ഫ്ലാറ്റ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിനോദ്കുമാർ, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ഓമന രാമചന്ദ്രൻ, പി. രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.