'വയൽക്കിളികൾ'ക്കു പിന്നാലെ തളിപ്പറമ്പിൽ പുതിയ സമര കാഹളം

പുഴ നികത്തി പാലം വേണ്ടെന്ന് 'പുഴകൊക്കുകൾ' തളിപ്പറമ്പ്: വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ രൂപംകൊണ്ട കീഴാറ്റൂരിലെ 'വയൽക്കിളികളു'ടെ മാതൃക പിന്തുടർന്ന് തളിപ്പറമ്പിൽ 'പുഴകൊക്കുകളു'ടെ സമരകാലം വരുന്നു. സി.പി.എം കോട്ടയായ പട്ടുവം പഞ്ചായത്തിൽ പുഴ നികത്തി പാലം നിർമിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മയാണ് 'പുഴകൊക്കുകൾ'. കാവിൻമുനമ്പിൽനിന്ന് ചെറുകുന്നിലേക്ക് പുഴ നികത്തി റോഡും പാലവും നിർമിക്കാനുള്ള പദ്ധതി ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇതി​െൻറ രംഗപ്രവേശം. പഞ്ചായത്ത് അംഗവും ഡി.സി.സി സെക്രട്ടറിയുമായ കപ്പച്ചേരി രാജീവ​െൻറ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിച്ചത്. മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണ് പട്ടുവം പഞ്ചായത്ത്. പട്ടുവത്തിന് പ്രകൃതി കനിഞ്ഞുനൽകിയ ഭംഗിയും സമ്പത്തുമായ ഈ പുഴയെ ആശ്രയിച്ചാണ് ഒേട്ടറെ മത്സ്യത്തൊഴിലാളികൾ ജീവിക്കുന്നത്. കൂടാതെ, പുഴയോരം കണ്ടൽ നിബിഡവനങ്ങളും വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രവുമാണ്. പുഴയുമായി ബന്ധപ്പെട്ട് വികസന പ്രവർത്തനം നടത്തുമ്പോഴും ടൂറിസം, ചെമ്മീൻ ഫാം എന്നിവ നിർമിക്കുമ്പോഴും പുഴ കൈയേറ്റം തടയേണ്ടതാണെന്ന് 'പുഴകൊക്കുകൾ' പറയുന്നു. 1200 മീറ്റർ വീതിയുള്ള പുഴയിൽ 650 മീറ്റർ മണ്ണിട്ടു നികത്തി റോഡും ബാക്കി പാലവും നിർമിക്കാനാണ് പദ്ധതി. എന്നാൽ, പുഴയുടെ ഒത്ത മധ്യത്തിലൂടെ അര കിലോമീറ്റർ ദൂരം മണ്ണിട്ടു നികത്തുന്നതു പുഴക്കും മത്സ്യസമ്പത്തിനും കോട്ടം തട്ടിക്കുമെന്ന സ്ഥിതി വന്നതോടെയാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. പട്ടുവം-ചെറുകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമിക്കുന്നതിന് ഇവർ പൂർണ സഹകരണം വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ, പുഴയുടെ ഒഴുക്ക് തടയാതെയും മണ്ണിട്ട് നികത്താതെയും മുഴുവൻ ദൂരവും പാലം നിർമിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. 15 അംഗ എക്സിക്യൂട്ടിവും 101 അംഗ ജനറൽ ബോഡിയും രൂപവത്കരിച്ചു. ഭാരവാഹികളായി അഡ്വ. രാജീവൻ കപ്പച്ചേരി (രക്ഷാ.), ടി. ദാമോദരൻ (പ്രസി.), പി. ആലി (സെക്ര.), എം. മുനീർ (ട്രഷ.), ടി. പ്രദീപൻ (കോ ഒാഡി.) എന്നിവരെ തെരഞ്ഞെടുത്തു. എന്നാൽ, പുഴ നശിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന വിശദീകരണവുമായി ടി.വി. രാജേഷ് എം.എൽ.എ രംഗത്തെത്തി. പരിസ്ഥിതിക്കും പുഴക്കും കോട്ടം തട്ടാത്ത വിധം നീളം പരമാവധി കൂട്ടി മാത്രമേ പാലം ഡിസൈൻ ചെയ്യുകയുള്ളൂവെന്നും ആർക്കെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തേ രൂപരേഖ പൂർത്തിയാക്കൂവെന്നും എം.എൽ.എ പറഞ്ഞു. വിശദമായ പഠനങ്ങൾക്കു ശേഷമേ അന്തിമ രൂപരേഖ തയാറാക്കൂവെന്ന് പൊതുമരാമത്ത് വകുപ്പും വ്യക്തമാക്കി. അതേസമയം, കീഴാറ്റൂരിലെ വയൽക്കിളികളും പുതിയ സമര മാർഗത്തെക്കുറിച്ചുള്ള ചർച്ചയിലാണ്. സമരത്തി​െൻറ പ്രചാരണ പ്രവർത്തനത്തിലാണ് പ്രവർത്തകർ. സമരം നടത്തിയ വയലി​െൻറ ഒരു ഭാഗം ഒഴിവാക്കി, കിഴക്കുഭാഗത്തെ തോടിന് ഇരുവശവും വയലും കരഭാഗവും ഉൾപ്പെടുത്തിയുള്ള പുതിയ പാതയുടെ നിർദേശം സ്വീകരിക്കാൻ വയൽക്കിളികൾ തയാറല്ല. ഗ്രാമത്തി​െൻറ ജല സ്രോതസ്സായ തോട് പൂർണമായും ഇല്ലാതാക്കിയുള്ള പാത പണിയുന്നതിനേക്കാൾ, നിലവിലെ ദേശീയപാത വികസിപ്പിച്ചാൽ മതിയെന്ന നിലപാടാണ് വയൽക്കിളികൾക്ക്. കൃഷിഭൂമിയും വീടും തകർക്കാതെ മേൽപാലം നിർമിച്ച് നിലവിലെ പാതയിലെ ഗതാഗതക്കുരുക്കഴിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.