കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പട്ടുവം മുതുകുടയിലെ നഫീസ കഴിഞ്ഞദിവസം മരിച്ചതിനു പിന്നാലെ ജില്ലയിൽ പലയിടത്തും പാമ്പുകളെ കണ്ടത് ആശങ്ക വർധിപ്പിക്കുന്നു. കടുത്ത ചൂടിൽ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നതിനാൽ നാടും നഗരവും ഒരുപോലെ ആശങ്കയിലാണ്. പാമ്പുകടിയേറ്റ് ഈ വർഷം രണ്ടാമത്തെ മരണമാണ് ജില്ലയിലുണ്ടായത്. കൂത്തുപറമ്പ് മൂര്യാട് അണ്ണേരി ശാരദ എന്ന വീട്ടമ്മയാണ് ഈ വർഷം ആദ്യം പാമ്പുകടിയേറ്റു മരിച്ചത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി രൂപവത്കരിച്ച സ്നേക് റെസ്ക്യൂ ടീമിന്റെ പ്രവർത്തനവും ‘സർപ’ ആപ്പുമെല്ലാം മരണനിരക്കു കുറക്കാൻ സഹായിച്ചെന്നാണ് അധികൃതർ പറയുന്നത്. സ്നേക് റെസ്ക്യൂ ടീമിൽ ജില്ലയിൽ 34 സന്നദ്ധ പ്രവർത്തകരാണുള്ളത്. പുതുതായി പരിശീലനം ലഭിച്ചവർകൂടി എത്തുന്നതോടെ എണ്ണം നൂറിലധികമാകും. പാമ്പിനെ കണ്ടാലോ കടിയേറ്റാലോ ‘സർപ’ ആപ്പിൽ വിവരം അറിയിച്ചാൽ പ്രവർത്തകരെത്തി സഹായിക്കും. പാമ്പുകടിയേറ്റാൽ ചികിത്സ കിട്ടുന്ന ഏറ്റവുമടുത്തുള്ള ആശുപത്രി ഏതെന്നും ഇവർ വിവരം നൽകും.
വേനൽക്കാലത്ത് ചൂടു കൂടുമ്പോൾ തണുപ്പുള്ള സ്ഥലം തേടിയാണ് പാമ്പെത്തുന്നത്. സ്നേക് റെസ്ക്യൂ ടീമിന് ജില്ലയിൽ കൂടുതൽ ഫോൺ വരുന്നത് മൂർഖൻ, പെരുമ്പാമ്പ് എന്നിവയെ പിടികൂടാനാണ്. മലയോര മേഖലയിലാണെങ്കിൽ രാജവെമ്പാലയെ കണ്ട വിളികളാണ് വരുന്നത്. വീട്ടിനുള്ളിലും സമീപവും കൃഷിയിടത്തിലും വിഷപ്പാമ്പുകളെ കണ്ടതായുള്ള മുപ്പതിലേറെ ഫോണുകളാണ് ജില്ലയിൽ നിത്യേനയുണ്ടാകുന്നത്. എലികൾ കൂടുതലുള്ളതുകൊണ്ടാണ് പെരുമ്പാമ്പ് നഗരത്തിലേക്കെത്തുന്നതെന്ന് റെസ്ക്യൂ ടീം പറയുന്നു. അഴിച്ചുവെക്കുന്ന ചെരിപ്പുകൾ, ബാഗ് എന്നിവയെല്ലാം എന്നും പരിശോധിച്ചശേഷം വേണം ഉപയോഗിക്കാൻ. അതുപോലെ തുറസ്സായ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുമ്പോൾ വാതിൽ തുറന്നിടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.