കൊച്ചിയിൽനിന്ന്​ കടലിൽ കാണാതായ 12 മത്സ്യത്തൊഴിലാളികൾ പുതുജീവിതത്തിലേക്ക്

കൊച്ചിയിൽനിന്ന് കടലിൽ കാണാതായ 12 മത്സ്യത്തൊഴിലാളികൾ പുതുജീവിതത്തിലേക്ക് നീലേശ്വരം: കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ തൈക്കടപ്പുറം അഴിത്തല തീരദേശ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്നാട് മൽപ്പ സ്വദേശികളെയാണ് കടലിൽനിന്ന് കരയിലെത്തിച്ചത്. ഒക്ടോബർ 13നാണ് മത്സ്യത്തൊഴിലാളികൾ ബോട്ടിൽ കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. 15ന് ഇവരുടെ ബോട്ട് നടുക്കടലിൽെവച്ച് യന്ത്രം തകരാറിലായി. ഇതോടെ ഒറ്റപ്പെട്ട ബോട്ട് കടലിൽ ശക്തമായ കാറ്റിലും മഴയിലും ദിശയറിയാതെ അലയാൻ തുടങ്ങി. പുറംലോകവുമായുള്ള ബന്ധം വേർപെട്ട ബോട്ടിൽ കരുതിയിരുന്ന ഭക്ഷണപദാർഥങ്ങളും വെള്ളവും തീർന്നതോടെ തൊഴിലാളികൾ അവശരായി. അഞ്ചുദിവസം ഇവർ ഭക്ഷണവും വെള്ളവുമില്ലാതെ ബോട്ടിൽ കഴിച്ചുകൂട്ടി. വെള്ളിയാഴ്ച പുലർച്ചെ തീരദേശ പൊലീസിന് ലഭിച്ച സന്ദേശമാണ് നിർണായകമായത്. ഫിഷറീസ് വകുപ്പി​െൻറ സുരക്ഷാബോട്ടിൽ കടലിലേക്ക് പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കരയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ കപ്പൽ പോകുന്ന ചാനലിൽകൂടി ബോട്ട് ഒഴുകുന്നത് കണ്ടു. സുരക്ഷാബോട്ടുമായി കൂട്ടിക്കെട്ടിയാണ് ഇത് കരക്കെത്തിയത്. മത്സ്യത്തൊഴിലാളികളായ സജീവൻ (39), ജോസഫ് സേവിയർ (60), റേജ മുഹമ്മദ് (42), അമല്ൻ തിരു (28), ജറോം (6o), യേശുരാജ് (32), ഹൈദ്രസാമി (66), വിശ്വജിത്ത് (30), ഗിരീഷ് (25), ആൻവി (30), തമ്പിലാസ് (68) എന്നിവരെയാണ് തീരദേശ പൊലീസ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. പൊലീസ് ഇൻസ്പെക്ടർ മനോജ് പായട്ട, എ.എസ്.ഐ പി. പ്രസന്നൻ, സി.പി. നിഷാദ്, ദേവന്ത്, അഴിത്തല സ്വദേശികളായ മനു, സനീഷ്, നാരായണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.