രാമപുരം പുഴയിലെ താൽക്കാലിക ബണ്ട് പൊളിച്ചുമാറ്റിയില്ല; കൃഷിയിടങ്ങളിൽ വെള്ളം കയറി

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് വികസനത്തി​െൻറ ഭാഗമായി രാമപുരം പുഴയിൽ പാലം നിർമാണത്തിനായി താൽക്കാലികമായി സ്ഥാപിച്ച ബണ്ട് നീക്കംചെയ്തില്ല. ഇതുമൂലം ഏഴോം, ചെറുതാഴം പാടശേഖരങ്ങളിൽ വെള്ളം കയറി. ഇതോടെ നെൽകൃഷിക്ക് വിത്തിടാൻ കഴിയാതെ കർഷകർ ദുരിതത്തിലായി. പാലം പണിയുന്നതിനുള്ള തൂണുനിർമാണത്തിനാണ് പുഴയിൽ ബണ്ട് കെട്ടിയുണ്ടാക്കി പുഴയുടെ ഒഴുക്ക് തടഞ്ഞത്. എന്നാൽ, പാലം പണി പൂർത്തീകരിച്ചിട്ടും ബണ്ട് നീക്കംചെയ്യാത്തതിനാൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സിമൻറ് സ്ലാബുകൾ മാറ്റുകയും ബണ്ടി​െൻറ ഒരുവശം പൊളിച്ചുമാറ്റുകയുമാണ് ചെയ്തത്. എന്നാൽ, ഗണ്യമായ ഭാഗം നീക്കം ചെയ്യാത്തതിനാൽ പുഴയുടെ ഒഴുക്ക് നിലക്കുകയായിരുന്നു. ഇതോടെ ശ്രീസ്ഥ, കുളപ്പുറം, അതിയടം, മേലതിയടം, ഒാേക്രാം തുടങ്ങിയ ചെറുതാഴം പഞ്ചായത്തിലെയും ഏഴോം ഗ്രാമപഞ്ചായത്തിലെ അടുത്തിലയിലെയും ഹെക്ടർ കണക്കിന് പാടങ്ങളിലാണ് വെള്ളം കയറിയത്. നിലം ഉഴുതുമറിക്കുന്ന സമയത്ത് പാടങ്ങളിൽ വെള്ളം നിറഞ്ഞതാണ് കർഷകർക്ക് വിനയായത്. പാടങ്ങളിൽ വെള്ളം നിറഞ്ഞത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയത് കെ.എസ്.ടി.പി അധികൃതർ അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നു. ബണ്ട് അടിയന്തരമായി പൊളിച്ചുനീക്കി രാമപുരം പുഴയുടെ ഒഴുക്ക് പൂർവ ഗതിയിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.