സംയുക്തപദ്ധതികളിൽ മെല്ലെപ്പോക്ക് നയം പാടില്ല ^ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​

സംയുക്തപദ്ധതികളിൽ മെല്ലെപ്പോക്ക് നയം പാടില്ല -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കണ്ണൂർ: പഞ്ചായത്തുകളുമായി സഹകരിച്ച് ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കുന്നതിൽ ചില പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ ഉണ്ടാകുന്നില്ലെന്നും മെല്ലെപ്പോക്ക് നയം പാടില്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. സംയുക്ത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം കർഷകർ, ശാരീരിക--മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പട്ടികജാതി വിഭാഗങ്ങൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. ഇവ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ പദ്ധതികൾക്കായി ജില്ല പഞ്ചായത്ത് വകയിരുത്തിയ തുക പാഴായിപ്പോകുന്ന സാഹചര്യമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പഞ്ചായത്തുകൾ അവയുമായി ബന്ധപ്പെട്ട നിർദേശങ്ങളും വിവരങ്ങളും പദ്ധതികൾ പുനഃക്രമീകരണം നടത്താൻ സർക്കാർ അനുവദിച്ച ഒക്ടോബർ 25നുമുമ്പ് ജില്ല പഞ്ചായത്തിന് സമർപ്പിക്കണം. അവ നടപ്പാക്കാൻ താൽപര്യമില്ലാത്ത പഞ്ചായത്തുകൾ രണ്ടു ദിവസത്തിനകം ആ വിവരം ഇ--മെയിലിലൂടെ അറിയിക്കണം. അവക്ക് ജില്ല പഞ്ചായത്ത് വകയിരുത്തിയ തുക മറ്റു പദ്ധതികൾക്കായി മാറ്റുന്നതിന് വേണ്ടിയാണിതെന്നും പ്രസിഡൻറ് അറിയിച്ചു. ശാരീരിക--മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ് നൽകുന്നതിന് 1.25 കോടി രൂപ ജില്ല പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെങ്കിലും 26 ലക്ഷത്തിനുള്ള നിർദേശങ്ങൾ മാത്രമേ പഞ്ചായത്തുകളിൽനിന്ന് ലഭിച്ചിട്ടുള്ളൂ. ക്ഷീരകർഷകർക്ക് അളക്കുന്ന പാലിന് നിശ്ചിത തുക ഇൻസ​െൻറീവ് നൽകുന്ന ഒരു കോടിയുടെ പദ്ധതിയിൽ 36 ലക്ഷം മാത്രമേ ചെലവഴിക്കാൻ സാധിച്ചിട്ടുള്ളൂ. സഹകരണസംഘംവഴി പാലളക്കുന്ന കർഷകരുടെ പട്ടിക നൽകേണ്ട ചുമതല മാത്രമേ ഇക്കാര്യത്തിൽ പഞ്ചായത്തുകൾക്കുള്ളൂ. പച്ചക്കറി കൃഷിക്ക് കൂലിയിളവ് നൽകുന്ന പദ്ധതിക്കായി 1.5 കോടി വകയിരുത്തിയതിൽ ഒരു പഞ്ചായത്തിൽനിന്നുപോലും അപേക്ഷ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബഡ്സ് സ്കൂളുകൾക്കുള്ള ധനസഹായം, സാന്ത്വനപരിചരണം, ജലസംരക്ഷണത്തി​െൻറ ഭാഗമായുള്ള കുളം നവീകരണം, ആധുനിക ശ്മശാനങ്ങളുടെയും പൊതുശൗചാലയങ്ങളുടെയും നിർമാണം, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ, നെൽകൃഷിക്കുള്ള കൂലിച്ചെലവ് സബ്സിഡി, പട്ടികജാതിക്കാർക്കുള്ള കേന്ദ്രീകൃത സാംസ്കാരിക- തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങിയ സംയുക്ത പദ്ധതികളുടെ അവസ്ഥയും വ്യത്യസ്തമല്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും സത്വരശ്രദ്ധ പതിയണമെന്നും പ്രസിഡൻറ് നിർദേശിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. ജയബാലൻ, ടി.ടി. റംല, കെ. ശോഭ, അംഗങ്ങളായ അജിത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, പി. വിനീത, ആസൂത്രണസമിതി അംഗം കെ.വി. ഗോവിന്ദൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, സെക്രട്ടറി ഇൻ ചാർജ് കെ.വി. സജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.