ചെമ്മരം-അറയങ്ങാട് പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു ഉരുവച്ചാൽ: നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി ചെമ്മരം-അറയങ്ങാട് പാലം നിർമാണം പൂർത്തിയായി. മാലൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 2.10 കോടി രൂപ ചെലവിൽ 25.32 മീറ്റർ നീളവും 11.5 മീറ്റർ വീതിയിലുമുള്ള പാലം പുഴയിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. പാലത്തിെൻറ ഇരുവശങ്ങളിലുമായി 1.30 മീറ്റർ നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളിലും നടപ്പാതയോടുകൂടി നിർമിച്ച ജില്ലയിലെ അപൂർവം പാലങ്ങളിൽ ഒന്നാണിത്. കണ്ണവം-ഇടുമ്പ റോഡിൽനിന്ന് ഏഴരമീറ്റർ വീതിയിലും 60 മീറ്റർ നീളത്തിലും അറയങ്ങാട് ആലച്ചേരി റോഡിൽനിന്ന് 40 മീറ്റർ നീളത്തിലും അഞ്ചരമീറ്റർ വീതിയിലും അപ്രോച്ച് റോഡുകൾ ടാർ ചെയ്യേണ്ട പ്രവൃത്തിമാത്രമേ ബാക്കിയുള്ളൂ. കോളയാട്, മാലൂർ, പേരാവൂർ, ചിറ്റാരിപ്പറമ്പ് എന്നീ നാലു പഞ്ചായത്തുകളുടെ അതിർത്തിപ്രദേശം എന്ന പ്രത്യേകതകൂടി ഈ പാലത്തിനുണ്ട്. മട്ടന്നൂർ വിമാനത്താവളത്തിലേക്ക് എളുപ്പവഴികൂടിയായി ഈ പാലം മാറും. തൊട്ടടുത്തുള്ള അറയങ്ങാട് സ്നേഹഭവൻവരെ കോളയാടുനിന്ന് ഇപ്പോൾ ബസ് സർവിസുണ്ട്. താമസിയാതെ ഇതുവഴി ബസുകൾക്ക് തൃക്കടാരിപ്പൊയിൽ ബസ്സ്റ്റാൻഡ് വരെ സർവിസ് നടത്താനാകും. അറയങ്ങാട് സ്നേഹഭവനിലേക്കും കോളയാട്, നെടുംപൊയിൽ, മാനന്തവാടി ഭാഗത്തേക്കും മാലൂരിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിതുറക്കുകയാണ് ഈ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.