അപൂർവയിനം കരയാമകളും മാന്‍കൊമ്പുകളുമായി നാലംഗസംഘം പിടിയിൽ

കാസർകോട്: വിദേശവിപണിയിൽ കോടികള്‍ വിലമതിക്കുന്ന സംരക്ഷിത ഇനത്തില്‍പെട്ട 11 അപൂർവയിനം കരയാമകൾ, മൂന്ന് മാന്‍കൊമ്പുകൾ, എന്നിവയുമായി നാലംഗസംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ്ചെയ്തു. മൊഗ്രാൽപുത്തൂർ ബെള്ളൂർ ക്വാർേട്ടഴ്സിൽ താമസിക്കുന്ന മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍പുത്തൂർ ബെള്ളൂർ ഹൗസിൽ ബി. ഇമാം അലി (49), മായിപ്പാടി പട്ല മജൽ ഹൗസിൽ കരീം (40), മൊഗ്രാല്‍ കൊപ്രബസാറിലെ പി.എം മൻസിലിൽ പി.എം. ഖാസിം (55) എന്നിവരെയാണ് ഡി.എഫ്.ഒ എം. രാജീവന്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ കുമ്പള പേരാല്‍കണ്ണൂരില്‍നിന്നാണ് രണ്ട് ആള്‍ട്ടോ കാറുകളിലായി കലമാന്‍ കൊമ്പുകളും ആമകളുമായി ഇവർ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലേക്ക് കടത്താനുള്ള നീക്കത്തിനിടയിലാണ് സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുംബൈയിലെ ഇടപാടുകാർക്ക് അഞ്ചുലക്ഷം രൂപക്ക് കൈമാറാൻ കരാർ ഉറപ്പിച്ചിരുന്നതായി അറസ്റ്റിലായവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഘത്തിന് ബൈക്കിൽ അകമ്പടിയായി സഞ്ചരിച്ചവർ പിടിയിലകെപ്പടാതെ രക്ഷപ്പെട്ടു. രണ്ടുമാസം മുമ്പ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സംഘം വനംവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. അപൂർവയിനം വന്യജീവികളെയും അവയുടെ അവയവങ്ങളും കടത്തിക്കൊണ്ടുപോകുന്ന വന്‍സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.