രവീന്ദ്രൻ രാവണേശ്വരം കാസർകോട്: വിജിലൻസ് ഡിവൈ.എസ്.പിമാരുടെ കേസ് രജിസ്റ്റർ ചെയ്യാനുള്ള അധികാരം വിജിലൻസ് ഡയറക്ടറിലേക്ക് മാറ്റിയ ശേഷം ഒരു കേസുപോലും രജിസ്റ്റർ ചെയ്തില്ല. ഇൗ വർഷം ജൂൺ ഒന്ന് മുതലാണ് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഡയറക്ടറുടെ അനുമതി േവണമെന്ന പഴയ നടപടിക്രമം പുന:സ്ഥാപിച്ചത്. നാലുമാസത്തിനും 11 ദിവസത്തിനുമിടയിൽ അഴിമതി സംബന്ധിച്ച് നിരവധി പരാതികൾ യൂനിറ്റ് ഡിവൈ.എസ്.പിമാർക്ക് ലഭിച്ചത് ഡയറക്ടർക്ക് അയച്ചുകൊടുത്തുവെന്നല്ലാതെ ഒരു കേസുപോലും രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയിട്ടില്ല. ഇൗ വർഷം 280 പരാതികളാണ് കാസർകോട് വിജിലൻസിന് ലഭിച്ചത്. ഇവയെല്ലാം ഡയറക്ടർക്ക് അയച്ചിട്ടുണ്ട്. ജൂൺ ഒന്നിനു മുമ്പ് എടുത്ത എട്ട് കേസുകളല്ലാതെ ശേഷം ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. എല്ലാ ജില്ലകളിലും കേസുകളുടെ കാര്യത്തിൽ സ്ഥിതി ഇതാണെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. വിജിലൻസിലെത്തുന്ന പരാതികൾ ഏറെയും റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ചാണ്. പഴയ കേസുകളുടെ അന്വേഷണം മാത്രമാണ് ഇപ്പോൾ വിജിലൻസിെൻറ ചുമതല. 2004 മുതലുള്ള 731 കേസുകളാണ് ഇപ്പോൾ 14 യൂനിറ്റുകളിലായി അന്വേഷിക്കുന്നത്. 15 വർഷം പഴക്കുമുള്ള കേസുകൾ വരെ നിലനിൽക്കെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വിചാരണക്ക് സർക്കാർ അനുമതി കാത്തിരിക്കുന്ന എട്ട് കേസുകൾ വിജിലൻസിൽ വേറെയുമുണ്ട്. 300 കേസുകൾ അപ്പീലിനാൽ തടയപ്പെട്ടിട്ടുണ്ട്. ഡിവൈ.എസ്.പിമാർ കിട്ടുന്ന പരാതികളിലെല്ലാം കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ കേസുകൾ തീർപ്പാക്കാൻ കഴിയാത്ത വിധം വർധിക്കുമെന്നതിനാലാണ് ഡിവൈ.എസ്.പിമാെര കേസെടുക്കുന്നതിൽനിന്ന് നിയന്ത്രിക്കുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. കേസെടുത്താൻ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് വിജിലൻസ് ഡിവൈ.എസ്.പിമാർ യൂനിറ്റ് തലത്തിൽ കേസെടുക്കാൻ തുടങ്ങിയാൽ അന്വേഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കേണ്ടിവരും. ഇക്കാരണത്താലാണ് കേസെടുക്കുന്നത് ഡയറക്ടറുടെ അനുമതിയോടെ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. ഫലത്തിൽ പ്രാദേശിക തലത്തിൽ ജനങ്ങൾ ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങൾ ജലരേഖയായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.