കൊടുവള്ളി^മാഹി മിനി ബൈപാസ്​ നിർമാണം അനിശ്ചിതത്വത്തിൽ

കൊടുവള്ളി-മാഹി മിനി ബൈപാസ് നിർമാണം അനിശ്ചിതത്വത്തിൽ തലശ്ശേരി: മുഴപ്പിലങ്ങാട്--മാഹി ബൈപാസിന് ബദലായി വിഭാവനം ചെയ്ത കൊടുവള്ളി-മാഹി മിനി ബൈപാസ് നിർമാണവും അനിശ്ചിതത്വത്തിൽ. പദ്ധതിക്കായി തറക്കല്ലിട്ട് ആറര വർഷമായിട്ടും നടപടി എങ്ങുമെത്തിയില്ല. തലശ്ശേരി-കണ്ണൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് മിനി ബൈപാസ് എന്ന ആശയം ഉടലെടുത്തത്. നാലുപതിറ്റാണ്ടായി പറഞ്ഞു കേൾക്കുന്ന മുഴപ്പിലങ്ങാട്--മാഹി ബൈപാസ് നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. 2011 ഫെബ്രുവരി 15ന് അന്നത്തെ ആഭ്യന്തര-ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് മിനി ബൈപാസ് റോഡിനായി തറക്കല്ലിട്ടത്. കണ്ണൂർ--തലശ്ശേരി ദേശീയപാതയിൽ കൊടുവള്ളി ജങ്ഷനിൽ നിന്നും വാഹനങ്ങളെ ഇല്ലിക്കുന്ന്, കോമത്ത്പാറ, ഫിഷറീസ് റോഡ്, വഴി എരഞ്ഞോളി പാലത്തേക്കും തുടർന്ന് കണ്ടിക്കൽ, കുട്ടിമാക്കൂൽ, കോപ്പാലം, മൂലക്കടവ്, പള്ളൂർ, ചാലക്കര, മാഹി എം.എം ഹൈസ്കൂൾ റോഡിലൂടെ മാഹി പാലം കടത്തുന്ന രീതിയിലായിരുന്നു മിനി ബൈപാസിന് പദ്ധതിയിട്ടത്. കണ്ണൂരിൽ നിന്ന് വരുന്നതും കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകേണ്ട വാഹനങ്ങൾക്കും തലശ്ശേരി നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ കടന്നുപോകാമെന്ന പ്രതീക്ഷയിലാണ് പദ്ധതി വിഭാവനം ചെയ്തത്. കൊടുവള്ളിയിൽനിന്നും ഇല്ലിക്കുന്ന് വരെ കേന്ദ്രസർക്കാറി​െൻറ റോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിങ് നടത്തിയതിനാൽ ഈ ഭാഗം ഒഴിവാക്കി നിർമാണവും തുടങ്ങി. ഇല്ലിക്കുന്ന് മുതൽ കോമത്ത്പാറ, ഫിഷറീസ്റോഡ്, എരഞ്ഞോളി പാലം വരെ ജനകീയ പങ്കാളിത്തത്തോടെ വീതികൂട്ടി ബിറ്റുമിനൈസ്ഡ് മെക്കാഡം ടാറിങ് നടത്തി. പാലത്തിനപ്പുറം കണ്ടിക്കൽ, കോപ്പാലം വഴിയും ഇതേ രീതിയിൽ പ്രവൃത്തി നടത്തി. എന്നാൽ, കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ എരഞ്ഞോളി പാലം വഴിമുടക്കിയായി നിൽക്കുന്നതിനാൽ മിനി ബൈപാസ് നിർമാണം അനിശ്ചിതത്വത്തിലായി. കൂർഗ്-തലശ്ശേരി അന്തർസംസ്ഥാന പാതയിലേക്കുള്ള വാഹനങ്ങൾ പോവുന്നത് കാരണം എരഞ്ഞോളി പാലത്തിൽ സദാസമയവും തിരക്കനുഭവപ്പെടുകയാണ്. മിനി ബൈപാസ് യാഥാർഥ്യമായാലും വാഹനങ്ങളെ ഇതുവഴി കടത്തിവിടാനാവില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.