Posted On
date_range Updated On
date_range മാഹിയുടെ ചരിത്രത്തിളക്കം
ഇന്ത്യയിലെ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായ മാഹിയുടെ സ്ഥാനം കേരളത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിലാണ്. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാലു ഭാഗങ്ങളിലൊന്നാണ് മാഹി. പുതുച്ചേരി നഗരത്തിൽനിന്ന് 630 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പ്രദേശം സാംസ്കാരികമായി കേരളത്തിെൻറ ഭാഗമാണ്. അഴിയൂരിനും മറ്റൊരു ഊരിനും മധ്യത്തിലുള്ള ഊരാണ് മയ്യഴി ആയി പരിണമിച്ചത്. പെരിപ്ലസിെൻറ കർത്താവ് മെലിസിഗാരെ എന്നൊരു തുറമുഖത്തെക്കുറിച്ച് പറയുന്നുണ്ട്. അത് മാഹിയാണെന്നാണ് എഴുത്തുകാരൻ എം.പി. ശ്രീധരൻ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ അക്കാലത്ത് ലോകത്തിലെ വിവിധഭാഗങ്ങളിലേക്ക് ഏലം കയറ്റിയയച്ചിരുന്നത് മാഹിവഴിയായിരുന്നു. കടത്തനാട്ടിൽനിന്നും മറ്റു മലഞ്ചരക്കുകളും ഇതുവഴി കയറ്റുമതിചെയ്തിരുന്നു. മാഹിയുടെ ഭാഗമായ ചെമ്പ്രയിലെ പുരാതനമായ സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്ന് മഹോദയപുരം ആസ്ഥാനമാക്കി കേരളം വാണിരുന്ന ഇന്ദുക്കോതവർമയുടെ 12ാം ഭരണവർഷത്തിലുള്ള ലിഖിതം കണ്ടെത്തിയിട്ടുണ്ട്. ഒരു ആവാസകേന്ദ്രമെന്നനിലയിൽ മാഹിയുെട പഴക്കം വ്യക്തമാക്കുന്ന രേഖയാണിത്. അതിൽ മലയഴി എന്ന ഒരു സ്ഥലത്തെ പറ്റി പറയുന്നുണ്ട്. മാഹിയെ പറ്റി പ്രശസ്ത സഞ്ചാരി അലക്സാണ്ടർ ഹാമിൽട്ടണും വിവരിച്ചിട്ടുണ്ട്. മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്. പടിഞ്ഞാറൻതീരത്ത് ബ്രിട്ടീഷുകാർ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ അവർക്ക് ഭദ്രമായ കേന്ദ്രം എന്നനിലക്കാണ് ഇവിടം െതരഞ്ഞെടുത്തത്. അതിനുമുമ്പ് അവർ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മാഹിയുടെ അധിപൻ വടകര വാഴുന്നോർ ആയിരുന്നു. 17ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670-ൽ തലശ്ശേരിയിൽ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കൽ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നാൽ, തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവർക്കായില്ല. 1702-ൽ പുന്നോലിൽ അവർ പാണ്ടികശാല പണിതു. അവിടെയും കച്ചവടം ശോഭിച്ചില്ല. തുടർന്ന് 1721-ലാണ് മാഹിയിൽ ഫ്രഞ്ചുകാർ എത്തിയതെന്ന് ചരിത്രം. സെങ്-ലൂയി എന്ന കപ്പലിൽ ഇവിടെയെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മൊല്ലന്തേനെ വടകര വാഴുന്നോർ സ്വീകരിച്ചു. 1722-ൽ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാർ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യം പണിത കോട്ട മാഹിയിലെ ചെറുകല്ലായിയിലായിരുന്നു. സെൻറ് ജോർജ് ഫോർട്ട് എന്നായിരുന്നു അതിെൻറ പേര്. 1739-ലാണ് ഇത് പണിതത്. അതിനുശേഷം പണിതതാണ് ഫോർട്ട് മാഹി. ഈ ഭീമാകാരമായ കോട്ട 1769-ലാണ് പൂർത്തീകരിച്ചത്. എന്നാൽ, ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ ഈ കോട്ട നശിച്ചു. ഇവ രണ്ടും കൂടാതെ ഫോർട്ട് ദൂഫേൻ, ഫോർട്ട് കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകൾകൂടി ഫ്രഞ്ചുകാർ ഇവിടെ നിർമിച്ചു. വാഴുന്നോരുമായി വാണിജ്യ ഉടമ്പടി ഉണ്ടാക്കി ഫ്രഞ്ചുകാർ താമസിയാതെ മാഹി പിടിച്ചെടുക്കുകയായിരുന്നു. അന്നത്തെ കരാറനുസരിച്ച് കടത്തനാട്ടിലെ കുരുമുളക് മുഴുവനും ഫ്രഞ്ചുകമ്പനിക്ക് വിൽകാൻ വാഴുന്നോർ ബാധ്യസ്ഥനായിരുന്നു. ഇത് ഇംഗ്ലീഷുകാർക്ക് രസിച്ചില്ല. അവർ വാഴുന്നോരുടെ അധികാരപരിധിയെക്കുറിച്ച് ആരോപണം ഉന്നയിച്ചു. ഫ്രഞ്ചുകാർക്ക് വിട്ടുകൊടുത്ത സ്ഥലം കോലത്തിരി രാജാവിേൻറതാണെന്നും അത് ഇംഗ്ലീഷുകാർക്ക് പണ്ട് കോലത്തിരി വിട്ടുകൊടുത്തതാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഇതിനെ കോലത്തിരി തുണക്കുകയും ചെയ്തു. ഇംഗ്ലീഷുകാർ വാഴുന്നോരെ പാട്ടിലാക്കി 1725 ഫെബ്രുവരി 17ൽ പുതിയ ഒരു ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയും ചെയ്തു. ഈ കരാർ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ കരാറിെൻറ ലംഘനമായിരുന്നു. തുടർന്ന് വാഴുന്നോരെ കോലത്തിരിയുടെ നായർപട ആക്രമിക്കുകയും ഫ്രഞ്ചുകാർക്ക് മാഹിയിൽനിന്ന് പിൻവാങ്ങേണ്ടതായും വന്നു. മറ്റു സ്ഥലങ്ങളിലുണ്ടായപോലെ ഇംഗ്ലീഷുകാരാൽ തുരത്തപ്പെടുകയായിരുന്നു മാഹിയിലും. എന്നാൽ, ഒരു കീഴടങ്ങലിന് ഫ്രഞ്ചുകാർ തയാറായില്ല. അവർ 1725-ൽ വാഴുന്നോർക്കെതിരെ യുദ്ധംചെയ്ത് മാഹി കീഴടക്കുകയുണ്ടായി. ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന തലശ്ശേരിയുടെ ഔട്ട് പോസ്റ്റുകളിൽനിന്ന് വളരെ അടുത്തായി നിലനിന്നിരുന്ന മാഹിയിൽ ഫ്രഞ്ചുകാർ സ്ഥാനമുറപ്പിച്ചത് ഇംഗ്ലീഷുകാർക്ക് പേടിസ്വപ്നമായിത്തീർന്നു. അവർ ഫ്രഞ്ചുകാരുമായി സന്ധിയിലും കരാറിലുമേർപ്പെട്ടു. 1728 മാർച്ച് ഒമ്പതിന് കുരുമുളകിെൻറ വിലയിൽ അവർ ധാരണയിലെത്തുകയും അതിെൻറ വില നിയന്ത്രിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. അങ്ങനെ തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മാഹിയിൽ ഫ്രഞ്ചുകാരും കച്ചവടം തുടർന്നു. 1761-ൽ യൂറോപ്പിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകരും തമ്മിൽ യുദ്ധം ആരംഭിച്ചത് കേരളത്തിലും പ്രത്യാഘാതങ്ങൾ ഉളവാക്കി. മാഹിയിലെ ഫ്രഞ്ചുകാരോട് കീഴടങ്ങാൻ ഇംഗ്ലീഷ് മേധാവി തോമസ് ഹോഡ്ജ് ആവശ്യപ്പെട്ടു. 1761 ഫെബ്രുവരി ആറിന് ഫ്രഞ്ചുകാർ ചില വ്യവസ്ഥകളോടെ ആണെങ്കിലും ഇംഗ്ലീഷുകാർക്ക് കീഴടങ്ങി. തുടർന്ന് ഇംഗ്ലീഷുകാർ രണ്ടു വർഷത്തോളം മാഹി ഭരിച്ചു. 1763-ലെ പാരിസ് സമാധാനക്കരാർ നിലവിൽവരുന്നതുവരെ ഇംഗ്ലീഷുകാർ മാഹിയിൽ പിൻവാങ്ങി. വീണ്ടും 1779-ൽ ഇഗ്ലീഷുകാർ മാഹി കീഴടക്കി. പിന്നീട് ഫ്രഞ്ചുകാർക്ക് 1785വരെ കാത്തിരിക്കേണ്ടിവന്നു പിന്നീട് മാഹി തിരികെലഭിക്കാൻ. എന്നാൽ, 1793-ൽ ഇംഗ്ലീഷുകാർ ഒരിക്കൽക്കൂടി മാഹി ആക്രമിച്ചു. പിന്നീട് 1817-ൽ മാത്രമാണ് ഫ്രഞ്ചുകാർക്ക് മാഹി തിരികെലഭിച്ചത്. അതിനിടെ, മലബാർ മുഴുവനും ഇംഗ്ലീഷുകാർക്ക് അധീനമായിത്തീർന്നിരുന്നു. ഫ്രഞ്ചുകാർക്ക് ചില ഉപാധികളോടുകൂടെ മാത്രമേ മാഹിഭരണം നടത്താനായുള്ളൂ. ............... മട്ടന്നൂർ സുരേന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.