ഉൾവനത്തിലെ വാറ്റുകേന്ദ്രം എക്സൈസ് തകർത്തു

പേരാവൂർ: ചെക്യേരിയിൽ ഉൾവനത്തിലെ വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം തകർത്തു. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും പേരാവൂർ എക്സൈസ് റേഞ്ചും കണ്ണവം ഫോറസ്റ്റ് റേഞ്ച്, നിടുംപൊയിൽ സെക്ഷൻ എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് കോളയാട് ചെക്യേരി ഐരാണിക്കുണ്ട് വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ ഉൾവനത്തിൽ പുഴയോരത്ത് പ്രവർത്തിച്ചിരുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തത്. ഇവിടെ പ്രത്യേകം സജ്ജമാക്കിയ താൽക്കാലിക ഷെഡിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ്, അഞ്ച് ലിറ്റർ ചാരായം, വിവിധ തരത്തിലുള്ള വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികൾക്കായി സംയുക്ത അന്വേഷണം തുടരുന്നുണ്ട്. പേരാവൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.സി.ജോൺ, പ്രിവൻറിവ് ഓഫിസർ എം.പി.സജീവൻ,സിവിൽ എക്സൈസ് ഓഫിസർമാരായ പി.വിജയൻ, സി.പി.ഷാജി, കെ.പി.സനേഷ്, സതീഷ് വിളങ്ങോട്ടുഞാലിൽ, കെ.ശ്രീജിത്ത്, ഡ്രൈവർ ജോർജ് ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മനോജ് വർഗീസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.