കോഴിക്കോട്​ ജില്ലയിൽ പനി മരണം 31 ആയി

കോഴിക്കോട് ജില്ലയിൽ പനി മരണം 31 ആയി കോഴിക്കോട്: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടും ജില്ല പനിക്കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നില്ല. ദിവസവും രണ്ടായിരത്തിലേറെ പേർക്കാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ആറു മാസത്തിനിടെ പനി ബാധിച്ച് ജില്ലയിൽ മരിച്ചത് 31 പേർ. ശനിയാ‍ഴ്ച വരെയുള്ള കണക്കാണിത്. ഇതിൽ ഏറെയും ഡെങ്കിപ്പനി ബാധിച്ചാണ് മരണം. ഡെങ്കിപ്പനിയെ വരുതിയിലാക്കാൻ ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും പനി നിയന്ത്രണാതീതമായി പടരുകയാണ്. കൂരാച്ചുണ്ട്, നന്മണ്ട, കാക്കൂർ, ചേളന്നൂർ എന്നിവിടങ്ങളിലാണിത്. മരണസംഖ്യ കൂടുതലുള്ളതും ഈ പ്രദേശങ്ങളിലാണ്. ഡെങ്കിപ്പനി സംശയിക്കുന്ന എട്ടു പേരും സ്ഥിരീകരിച്ച നാലു പേരുമാണ് ഇതിനകം മരിച്ചത്. എച്ച്1 എൻ1 ബാധിച്ച ഗർഭിണിയുൾെപ്പടെ ആറു പേർ മരിച്ചു. എലിപ്പനി സംശയിക്കുന്ന ആറു പേരും സ്ഥിരീകരിച്ച രണ്ടു പേരും മരിച്ചു. ചിക്കൻപോക്സ് ഉൾെപ്പടെ ബാധിച്ചും മരണമുണ്ടായി. പനി ബാധിച്ച് ശനിയാ‍ഴ്ച ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 2158 പേരാണ്. ഇതിൽ 42 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. 116 പേർക്കാണ് വിവിധയിടങ്ങിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. 13 പേർക്ക് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചു. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചതായും ഒരാൾക്ക് സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്. ചിക്കൻപോക്സും ഒരാളിൽ സ്ഥിരീകരിച്ചു. പനിബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലയിലെ ആശുപത്രികളിൽ സ്ഥലപരിമിതിയും സൗകര്യങ്ങളുടെ അഭാവവും നേരിടുന്നത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. െമഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്ഥിതി ഏറ്റവും ദയനീയം. ഇവിടെ രോഗികളിലേറെപ്പേരും തറയിലും വരാന്തയിലുമായി കിടക്കുന്നത് ചികിത്സക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബോക്സ് ഇന്ന് ആരോഗ്യമന്ത്രിയുടെ യോഗം കോഴിക്കോട്: ജില്ലയിൽ പകർച്ചപ്പനി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഞായറാഴ്ച ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗം വിളിച്ചുകൂട്ടാൻ തീരുമാനമായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30നാണ് യോഗം. ജില്ലയിലെ 13 എം.എൽ.എമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല കലക്ടർ യു.വി. ജോസ്, അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫിസർമാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.