മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം

ചെറുപുഴ: ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) വധക്കേസ് അന്വേഷണത്തിന് പുതിയ സംഘമെത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.സി. ദേവസ്യ, അഡീഷനല്‍ എസ്.ഐമാരായ കെ. ദിലീപ്, കെ.കെ. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം ഏറ്റെടുത്തത്. 2012 മാര്‍ച്ച് അഞ്ചിന് രാവിലെ മറിയക്കുട്ടിയെ കിടപ്പുമുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം അന്വേഷണത്തിനെത്തുന്ന 14ാമത്തെ സംഘമാണിത്. തറവാട്ടുവീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന മറിയക്കുട്ടി വധിക്കപ്പെട്ട കേസ് അന്നത്തെ പയ്യന്നൂര്‍ സി.ഐ ധനഞ്ജയബാബുവി​െൻറ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. മോഷണശ്രമത്തിനിടയില്‍ നടന്ന കൊലപാതകമെന്ന നിലയിലാണ് അന്വേഷണം തുടങ്ങിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായിട്ടും മലയോരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തി. പക്ഷേ, മറിയക്കുട്ടി വധവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല. ഏഴുമാസങ്ങള്‍ക്കുശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചി​െൻറ ഡിവൈ.എസ്.പി റാങ്കിലുള്ള പതിമൂന്നോളം ഉദ്യോഗസ്ഥര്‍ ഇതുവരെയായി കേസന്വേഷിച്ചെങ്കിലും ലോക്കല്‍ പൊലീസ് കണ്ടെത്തിയ തെളിവുകള്‍ക്കപ്പുറം മറ്റൊന്നും ലഭിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്താന്‍ നൂറിലധികം പേരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുകയും ആധാര്‍ ഡാറ്റകളുള്‍പ്പെടെ പരിശോധിക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നിട്ടും കുറ്റവാളിയെ കണ്ടെത്തുകയെന്നത് ദുഷ്‌കരമെന്ന മട്ടിലാണ് ക്രൈംബ്രാഞ്ച് നിലപാടെടുത്തത്. ഇതിനിടെ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മക്കള്‍ നല്‍കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ക്രൈംബ്രാഞ്ചിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കേസില്‍ നിര്‍ണായകമായിരുന്ന തെളിവുകള്‍ ലോക്കല്‍ പൊലീസ് നഷ്ടപ്പെടുത്തിയതും വിമര്‍ശനത്തിനിടയാക്കി. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പയ്യന്നൂരിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി ടൗണിലെ ജ്വല്ലറിക്കു മുന്നിലൂടെ പോകുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായും പിന്നീട് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത സീഡി നഷ്ടപ്പെട്ടതായും പൊലീസ് തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇത് വീണ്ടെടുക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഡിവൈ.എസ്.പി എം.സി. ദേവസ്യയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കാക്കയംചാലിലെത്തിയ സംഘം സംഭവം നടന്ന വീടും പരിസരവും പരിശോധനക്ക് വിധേയമാക്കുകയും മക്കളില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.