പഞ്ചായത്ത് കടവുകളുടെ പ്രവർത്തനം താളംതെറ്റിക്കാൻ ശ്രമം

ചെറുവത്തൂര്‍: പഞ്ചായത്തിലെ തുറന്ന് പ്രവര്‍ത്തിക്കുന്ന മണല്‍ കടവുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കാന്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ നീക്കം. കടവുകളുടെ ചുമതല സംഘങ്ങള്‍ക്കായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇത് മാറ്റി കടവുകളുടെ നിയന്ത്രണം പഞ്ചായത്തുകളെ ഏല്‍പിച്ചിരുന്നു. ചില സാങ്കേതിക തടസ്സങ്ങളുടെ ഭാഗമായി ജില്ലയിലെ കടവുകള്‍ രണ്ട് മാസത്തോളം മണലെടുപ്പ് നടന്നിരുന്നില്ല. തൊഴിലില്ലാത്തതിനാല്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ച് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ കലക്ടറുടെ മുമ്പാകെ ബോധിപ്പിച്ചതി​െൻറ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡൻറിനെ ചെയര്‍മാനാക്കി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഇതി​െൻറ ഭാഗമായി ഒരാഴ്ച മുമ്പ് പഞ്ചായത്തിലെ കടവുകള്‍ മോണിറ്ററിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ മണല്‍ വാരി വിതരണം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ മണലെടുപ്പും വിതരണവും പൂര്‍വസ്ഥിതിയിലാവുകയും ചെയ്തു. മുമ്പ് നല്‍കിയിരുന്നതുപോലെ ക്യൂ സിസ്റ്റം വഴി പ്രാദേശിക ലോറിക്കാര്‍ക്ക് വിതരണം ചെയ്തശേഷം മറ്റ് പ്രദേശങ്ങളില്‍നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് വിതരണം ചെയ്യാമെന്ന താൽക്കാലികമായ തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍, ഇത് അട്ടിമറിച്ച്, ദൂരെ ദേശങ്ങളില്‍നിന്നെത്തുന്ന മണല്‍ ലോബികള്‍ക്ക് ആദ്യം മണല്‍ വിതരണം ചെയ്യാനുള്ള നീക്കമാണ് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ നടത്തിയത്. നിലവിലുള്ള വിതരണ സമ്പ്രദായം ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയത് മണല്‍ കൊണ്ടുപോകാനനെത്തിയവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന കടവുകളുടെ പ്രവര്‍ത്തനം താളംതെറ്റിച്ച് മന:പൂര്‍വം കുഴപ്പമുണ്ടാക്കി കടവ് അടച്ചിടാനുള്ള ഗൂഢ നീക്കമാണെന്നും മണല്‍ ലോബികളെ സഹായിക്കാനുള്ള നീക്കമാണ് പോർട്ട് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. നിലവിലുള്ള മോണിറ്ററിങ് കമ്മിറ്റിയെപ്പോലും അറിയിക്കാതെ വിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള കണ്‍സര്‍വേറ്ററുടെ നീക്കത്തിനെതിരെ തൊഴിലാളികള്‍ മുന്നോട്ടുവന്നതോടെ തിങ്കളാഴ്ച ഒന്നോടെ മണല്‍ വിതരണം പഴയ രീതിയില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. കടവുകളുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്ക് നല്‍കിയതിനുശേഷം ജില്ലയില്‍ ആദ്യം അതേറ്റെടുത്ത് ആദ്യം തുറന്നുകൊടുത്ത പഞ്ചായത്താണ് ചെറുവത്തൂര്‍. പോർട്ട് കണ്‍സര്‍വേറ്ററുടെ തെറ്റായ നിലപാട് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ തുറമുഖ മന്ത്രി, പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.