വനത്തിലേക്ക് തുരത്തിയ കൂട്ടാനക്കൂട്ടം വീണ്ടും തിരിച്ചെത്തി: ആറളം ഫാം റോഡിലൂടെയുള്ള രാത്രിയാത്ര അപകടകരം

കേളകം: വനപാലക സംഘം കഴിഞ്ഞ ദിവസം ആറളം വനത്തിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയത് ആശങ്കയുണ്ടാക്കുന്നു. പാലപ്പുഴയോട് ചേർന്ന ആറളം ഫാമി​െൻറ അധീനതയിലുള്ള പ്രദേശത്താണ് ആന താവളമാക്കിയിരിക്കുന്നത്. ചക്ക ഇഷ്ടം പോലെ കിട്ടുന്ന പ്രദേശമായതിനാൽ ഫാം റോഡിലൂടെ കീഴ്പ്പള്ളി, പാലപ്പുഴ ഭാഗങ്ങളിലേക്കുള്ള രാത്രിയാത്ര അപകടകരമായി. കഴിഞ്ഞ രാത്രി മണിക്കൂറോളമാണ് ആനക്കൂട്ടം റോഡരികിൽ നിലയുറപ്പിച്ചത്. റോഡിനിരുവശങ്ങളിലും കാട് വളർന്നു നിൽക്കുന്നതിനാലും തെരുവ് വിളക്കുകൾ ഇല്ലാത്തതിനാലും ആനക്കൂട്ടത്തി​െൻറ അടുത്തെത്തിയാൽപോലും അറിയാൻ പറ്റാത്ത അവസ്ഥയാണ്. ഫാമി​െൻറ പാലപ്പുഴ ഗേറ്റു മുതൽ ഫാം ഗോഡൗൺ വരെയുള്ള ഭാഗങ്ങളിൽ റോഡി​െൻറ ഇരുവശങ്ങളിലുമുള്ള പ്ലാവി​െൻറ ചുവട്ടിലാണ് ആനക്കൂട്ടം രാത്രിസമയങ്ങളിൽ നിലയുറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആറളം ഫാമും കടന്ന് പാലപ്പുഴയിൽ ജനവാസ മേഖലയിലെത്തിയ ആനക്കൂട്ടത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വനത്തിലേക്ക് തുരത്തിയത്. ഒരു കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകളാണ് സംഘത്തിലുള്ളത്. ഇവയാണ് വീണ്ടും ജനവാസ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.