ക്ലാസ്മുറിയിൽ ഇനി അർച്ചന ഒറ്റക്കല്ല; കൂട്ടിന് ആദിത്യനുമെത്തി

ചെറുവത്തൂര്‍: ചെറിയാക്കര ഗവ. എൽ.പി സ്‌കൂളില്‍ അര്‍ച്ചന ഇനി ഒറ്റക്കല്ല. രണ്ടാംതരത്തില്‍ അർച്ചനക്ക് കൂട്ടായി ആദിത്യനുമെത്തി. കഴിഞ്ഞവര്‍ഷം ചെറിയാക്കര ഗവ. എൽ.പി സ്‌കൂളില്‍ ഒന്നാംതരത്തില്‍ പ്രവേശനം നേടിയ ഏക വിദ്യാര്‍ഥിനിയായിരുന്നു അര്‍ച്ചന. മഞ്ജുള ടീച്ചര്‍ക്കൊപ്പമിരുന്ന് ഒന്നാംതരം പൂര്‍ത്തിയാക്കി രണ്ടാംതരത്തില്‍ എത്തുമ്പോഴും വീണ്ടും അർച്ചന ഒറ്റക്കായിരിക്കുമോ എന്ന വേവലാതിയായിരുന്നു അധ്യാപകര്‍ക്ക്. എന്നാൽ, കഴിഞ്ഞദിവസം രണ്ടാംതരത്തിലേക്ക് ആദിത്യന്‍കൂടി പ്രവേശനം നേടിയതോടെ അർച്ചനക്ക് കൂട്ടായിരിക്കുകയാണ്. കൂടെയിരുന്ന് പഠിക്കാന്‍ കൂട്ടുകാരനെത്തിയ സന്തോഷത്തിലാണ് അര്‍ച്ചന. വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ മുഖം മാറിയതോടെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതി​െൻറ ഭാഗമായി ചെറിയാക്കര സ്‌കൂള്‍ അധ്യാപകർ, പി.ടി.എ, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍വികസന പരിപാടികൾ നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം അർച്ചന മാത്രമാണ് ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയതെങ്കില്‍ ഇത്തവണ അഞ്ച് കുട്ടികള്‍ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിക്കഴിഞ്ഞു. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സമീപപ്രദേശത്തെ കുട്ടികളെല്ലാം ഈ പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നത്. ഒന്നാംതരത്തിലേക്ക് പ്രവേശനം നേടാന്‍ ഈ പ്രദേശത്ത് കുട്ടികളില്ലാത്തതാണ് കഴിഞ്ഞവര്‍ഷം ഒരു കുട്ടിയിൽ മാത്രമായി ഒതുങ്ങിയത്. നാല് അധ്യാപകരാണ് ഈ സ്‌കൂളില്‍ ജോലിചെയ്യുന്നത്. സ്മാർട്ട് ക്ലാസടക്കമുള്ള ആധുനികസംവിധാനങ്ങളുള്ള ക്ലാസ്മുറികളും ഇവിടെ ഒരുങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.