കരിങ്കൽക്കുഴിയില്‍ സി.പി.​െഎ ​ഒാഫിസ്​ തകർത്തു

കരിങ്കല്‍ക്കുഴി (കണ്ണൂര്‍): കരിങ്കൽക്കുഴിയില്‍ സി.പി.ഐ ഓഫിസിനു നേരെ അക്രമം. സി.പി.ഐ കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന ഇ. കുഞ്ഞിരാമന്‍ നായര്‍ സ്മാരകമന്ദിരമാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആക്രമിക്കപ്പെട്ടത്. കരിങ്കല്‍ക്കുഴി ടൗണില്‍തന്നെയുള്ള ഓഫിസ് പൂര്‍ണമായും തകര്‍ത്തനിലയിലാണ്. ടെലിവിഷന്‍ തകര്‍ത്ത് ഓഫിസിന് മുന്നിലുള്ള ഓടയിലിട്ടു. സ്മാരകമന്ദിരത്തി​െൻറ ബോര്‍ഡും മേല്‍ക്കൂരയിലെ ഷീറ്റും അടിച്ചുനശിപ്പിച്ചു. 20ഒാളം കസേരകള്‍ തകര്‍ന്നിട്ടുണ്ട്. ജനല്‍ചില്ലുകളും മുഴുവനായി അടിച്ചുതകര്‍ത്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി. രവീന്ദ്ര​െൻറ പരാതിയില്‍ മയ്യില്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി കരിങ്കല്‍ക്കുഴിയിലെ സി.പി.എം കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെ അജ്ഞാതസംഘം രാത്രിയില്‍ കല്ലെറിഞ്ഞ് ജനല്‍ചില്ലുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകീട്ട് കരിങ്കല്‍ക്കുഴി ടൗണില്‍ സി.പി.എം പൊതുയോഗം നടത്തിയിരുന്നു. യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.എം-ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുള്‍പ്പെട്ട സംഘം ഓഫിസില്‍ ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. സി.പി.എം പ്രതിഷേധയോഗം കണക്കിലെടുത്ത് പ്രദേശത്ത് ചൊവ്വാഴ്ച പൊലീസ് കാവലുണ്ടായിരുന്നെങ്കിലും സംഭവസമയം പൊലീസ് സ്ഥലത്തില്ലായിരുന്നു. പൊലീസി​െൻറ അനാസ്ഥയാണ് അക്രമത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. 2012 മേയ് നാലിന് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തതാണ് ഓഫിസ്. ഈവര്‍ഷം ഫെബ്രുവരി 18ന് രാത്രി മന്ദിരത്തിന് നേരെ അക്രമം നടന്നിരുന്നു. അന്ന് ജനല്‍ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. ഒരാഴ്ചമുമ്പാണ് തകര്‍ന്ന ജനല്‍ചില്ലുകള്‍ മാറ്റിയത്. മുമ്പ് പ്രദേശത്ത് സി.പി.ഐയുടെയും എ.ഐ.വൈ.എഫി​െൻറയും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം സി.എൻ. ചന്ദ്രന്‍, ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാർ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ, ടി.കെ. ഗോവിന്ദൻ, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.വി. ബാബു, പി. ചന്ദ്രൻ, വി.കെ. സുരേഷ്ബാബു, വി. ഷാജി, എൻ. ഉഷ, എന്‍. ബാലന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വൈകീട്ട് കരിങ്കല്‍ക്കുഴിയില്‍ പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനംചെയ്തു. മണ്ഡലം സെക്രട്ടറി കെ.വി. ഗോപിനാഥന്‍ അധ്യക്ഷതവഹിച്ചു. പി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.