നോൺ വൂവൺ ബാഗുകൾ അപകടകരം; വിതരണം ചെയ്യുന്നവർക്കെതിരെ നടപടി തുടരും

കണ്ണൂർ: നോണ്‍വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് സഞ്ചികള്‍ പോലെ അപകടകരമല്ലെന്ന് ചില കോണുകളില്‍ നിന്നുയരുന്ന അവകാശവാദം ശരിയല്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കാഴ്ചയില്‍ തുണി സഞ്ചിപോലെ തോന്നിക്കുന്ന നോണ്‍ വൂവണ്‍ ബാഗുകള്‍ പരിസ്ഥിതി സൗഹൃദമാണെന്ന രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് നടത്തിയ പഠനത്തില്‍ നോണ്‍വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് പോലെത്തന്നെ അപകടകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2008ല്‍ ന്യൂഡല്‍ഹിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചപ്പോള്‍ പകരമായി നോണ്‍-വൂവണ്‍ ബാഗുകള്‍ ഉപയോഗിച്ചതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതി റിപ്പോര്‍ട്ട് തേടിയത്. നോണ്‍വൂവണ്‍ സഞ്ചികളില്‍ 98.3 ശതമാനവും പോളിപ്രൊപ്പിലിന്‍ എന്ന പ്ലാസ്റ്റിക് പദാര്‍ഥമാണ് അടങ്ങിയിട്ടുള്ളതെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കണ്ടെത്തൽ. ജൈവവിഘടനത്തിന് വിധേയമാവാത്ത നോണ്‍വൂവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് പോലെത്തന്നെ മണ്ണിനോട് ചേരാത്ത പദാര്‍ഥമാണെന്നും പഠനത്തില്‍ വ്യക്തമായി. ഇക്കാര്യങ്ങള്‍ കാണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡല്‍ഹി ഹൈകോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ, തെറ്റായ പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വീണുപോകരുതെന്നും പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക്- നോണ്‍ വൂവണ്‍ ബാഗുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വ്യാപാരികള്‍ വിട്ടുനില്‍ക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം നിരോധിത സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരായ നടപടികള്‍ വരുംദിനങ്ങളില്‍ കൂടുതല്‍ വ്യാപകമാക്കും. ഏപ്രില്‍ രണ്ടോടെ ജില്ലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡുകളില്‍ ചിലയിടങ്ങളില്‍ പകരം നോണ്‍വൂവണ്‍ ബാഗുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തി അവ പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അവ പ്രകൃതി സൗഹൃദമാണെന്ന തെറ്റായ അവകാശവാദവുമായി ചിലര്‍ രംഗത്തുവന്നത്. കാഴ്ചയില്‍ തുണിയെന്നു തോന്നുമെങ്കിലും ഇവയുടെ അടിഭാഗം തുന്നുന്നതിനു പകരം പ്ലാസ്റ്റിക്കിലുള്ളതു പോലെ പ്രസ് ചെയ്തതാണെന്ന് കാണാനാവും. ഇവ തിരിച്ചറിയാനുള്ള എളുപ്പവഴിയും ഇതാണ്. ജില്ലയിലെ പ്രധാന ഷോപ്പിങ് മാളുകളിലും സൂപ്പർ- ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറി ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും തുണി സഞ്ചികളിലാണ് നിലവില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. എന്നാൽ, നഗരങ്ങളിലെ ചില കടകളില്‍ പ്ലാസ്റ്റിക്- നോണ്‍ വൂവണ്‍ സഞ്ചികള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ശുചിത്വ മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ വി.കെ. ദിലീപ് അറിയിച്ചു. ഇവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.