ചീമേനി തുറന്ന ജയിലിലെ ഗോപൂജ: 18 പശുക്കളെ സ്വീകരിക്കില്ല

കാസർകോട്: ചീമേനി തുറന്ന ജയിലിൽ പശുക്കളെ സ്വീകരിക്കാൻ ഗോപൂജ നടത്തിയ സംഭവത്തിൽ 18 പശുക്കളെ ജയിലധികൃതർ സ്വീകരിക്കില്ല. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയാണ് ചീമേനി ജയിലിലേക്ക് 20 കുള്ളൻ പശുക്കളെ സംഭാവന ചെയ്തത്. ഇതിൽ രണ്ട് പശുക്കളെയാണ് സ്വാമി സന്നാഹങ്ങളോടെ വന്ന് ജയിലധികൃതർക്ക് കൈമാറിയത്. ബാക്കി പശുക്കളെ ജയിലിലേക്ക് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായി ജയിലധികൃതർ അറിയിച്ചു. പൂജ നടത്തി പശുക്കളെ കൈമാറിയതി​െൻറ വിഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ വിവാദമാവുകയായിരുന്നു. ജയിലിലെ സംഘ്പരിവാർ അനുയായിയായ ജീവനക്കാരൻ മുഖേനയാണ് പശുക്കളെ എത്തിച്ചതെന്നും ഇതിൽ പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെന്നും സി.പി.എം ആരോപിച്ചു. സംഭവത്തിനുപിന്നാലെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. സി.പി.എം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് പരാതിയും നൽകി. തുടർന്ന് ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിനെ മാർച്ച് 20ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലിലേക്ക് സംഭാവന സ്വീകരിക്കുന്നതിന് ജയിൽ ഡി.ജി.പിയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് നിർദേശവും നൽകി. ഇതോടെ ജയിലിലേക്ക് സംഭാവനകൾ സ്വീകരിക്കുന്നത് നിയന്ത്രിക്കപ്പെട്ടു. എന്നാൽ, തങ്ങളുടെ സംഭാവനയുടെ ഉദ്ദേശ്യശുദ്ധി വെളിപ്പെടുത്താൻ ഹൊസനഗര രാമചന്ദ്രപുര മഠാധികാരികൾ ശ്രമിച്ചില്ല. രാഷ്ട്രീയ താൽപര്യങ്ങളില്ലെന്ന് തെളിയിക്കാൻ ബാക്കിവരുന്ന 18 പശുക്കളെ ജയിലിലേക്ക് സംഭാവന ചെയ്യാൻ തയാറാണെന്നും അറിയിച്ചില്ല. ഇനി വേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ചീമേനി തുറന്ന ജയിലധികൃതർ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാണ് സംഭാവന ചെയ്തിരുന്നതെങ്കിൽ മഠാധികാരികൾ ആഭ്യന്തര വകുപ്പി​െൻറ ചുമതലയുള്ള മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തയാറാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. 18 പശുക്കളെ എത്തിക്കുന്നതിൽനിന്നും മുന്നറിയിപ്പില്ലാതെ പിന്മാറിയതോടെ, മഠാധികാരികൾ കേരളത്തിലെ ജയിലിൽ പശുക്കളെ പൂജയോടെ കൈമാറിയത് വർഗീയ താൽപര്യം മുന്നിൽക്കണ്ടാണെന്ന സർക്കാർ നിലപാട് ശരിവെക്കുന്നതാണെന്നാണ് പൊതു അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.